വയനാട് പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്ര നയങ്ങള്‍ക്കെതിരെ മൃദു വിമര്‍ശനം ഉള്‍പ്പെടുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിച്ചു. ആദ്യ നയപ്രഖ്യാപനത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു.
പുതിയ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ സംബന്ധിച്ച് വിവാദങ്ങള്‍ ഒന്നും ഉണ്ടായില്ല. പ്രസംഗത്തിന്‍റെ ഉള്ളടക്കത്തില്‍ പുതിയ കാര്യങ്ങളും കടന്നുവന്നില്ല. സാമൂഹികക്ഷേമം മുതല്‍ വിദ്യാഭ്യാസം വരെ എല്ലാ വകുപ്പുകളിലെയും സര്‍ക്കാര്‍ നയവും പദ്ധതികളും എണ്ണിപറയുന്നതായിരുന്നു ഒരു മണിക്കൂര്‍ 57 മിനിറ്റ് നീണ്ട് പ്രസംഗം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരുന്ന വാക്കുകള്‍ശ്രദ്ധിക്കപ്പെട്ടു.
ജി.എസ്.ടി നഷ്ടപരിഹാരം കുറഞ്ഞതിലും ഗ്രാന്‍ഡുകള്‍ വെട്ടിച്ചുരുക്കിയതിലും കടമെടുപ്പ് പരിധി കുറച്ചതിലും കേന്ദ്ര നയത്തെ വിമര്‍ശിക്കുന്ന പ്രസംഗ ഭാഗങ്ങളും ഗവര്‍ണര്‍ വായിച്ചു. സൈബര്‍ലോകത്തുള്‍പ്പെടെ കുട്ടകളുടെ സുരക്ഷക്കുള്ള പദ്ധതിയും 40 വയസിനു മുകളിലെ സ്ത്രീകളുടെ ആരോഗ്യ, സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.
അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഉന്നത വിദ്യാഭ്യാസ മികവ് നോളജ് ഇക്കോണമി എന്നിവ മുന്‍വര്‍ഷത്തെപോലെ ഈ വര്‍ഷവും പ്രസംഗത്തിലിടം കണ്ടു. വൈവിധ്യമുള്ള രാജ്യത്തെ ഏകീകരിക്കാനുള്ള കേന്ദ്ര നയങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരാണെന്ന പരോക്ഷ വിമര്‍ശനം കൂടി വായിച്ചാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്.