രാജ്യതലസ്ഥാനത്തെ റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ യശസുയര്‍ത്താന്‍ നാഷണല്‍ സര്‍വീസ് സ്കീം സംഘം. സംസ്ഥാനത്തെ വിവിധ കോളജുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 അംഗ വിദ്യാര്‍ഥി സംഘമാണ് പരേഡില്‍ അണിനിരക്കുന്നത്. ഇവരെ നയിക്കുന്നത് കന്യാസ്ത്രീയാണെന്ന പ്രത്യേകതയുമുണ്ട്.
രാജ്യം ഉറ്റുനോക്കുന്ന റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ അഭിമാനമാകാന്‍ ഒരുങ്ങുകയാണിവര്‍. നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങളായ 12 വിദ്യാര്‍ഥികള്‍. ഡല്‍ഹിയില്‍ കരസേന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നിരന്തര പരിശീലനത്തിലാണ് സംഘം.
രാജ്യത്തെ 45 ലക്ഷത്തോളം എന്‍.എസ്.എസ് അംഗങ്ങളില്‍ 200 പേര്‍ക്കാണ് റിപബ്ലിക് ദിന പരേഡില്‍ അവസരം. കേരളം, ലക്ഷദ്വീപ് മേഖലയെ പ്രതിനീധികരിച്ചാണ് മലയാളി സംഘം അണിനിരക്കുന്നത്. ആദ്യമായി ഒരു കന്യാസ്ത്രീ കേരളത്തില്‍നിന്നുള്ള സംഘത്തെ നയിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസര്‍ കാലടി സ്വദേശിനി സിസ്റ്റർ നോയൽ റോസാണ് കണ്ടിജന്‍റ് ലീഡര്‍.
കേരളത്തിലെ മൂവായിരത്തോളം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരില്‍നിന്നാണ് നോയല്‍ റോസിനെ തിരഞ്ഞെടുത്തത്. പരേഡിനുശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിരുന്നുകളിലും സംഘം പങ്കെടുക്കും.