sharon-case

പ്രണയം...ജ്യൂസ് ചാലഞ്ച്...ഒടുവില്‍ വിഷം കലര്‍ന്ന കഷായം.. ഇതാണ് ഷാരോണ്‍ വധക്കേസിലെ കുറ്റപത്രത്തിന്‍റെ ചുരുക്കം. മറ്റൊരു യുവാവിന്‍റെ വിവാഹാലോചന വന്നപ്പോള്‍ ഒന്നര വര്‍ഷമായി പ്രണയിച്ചിരുന്ന ഷാരോണിനെ ഒഴിവാക്കാനാണ്  ഗ്രീഷ്മ അതിക്രൂര കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. കുറ്റപത്രത്തില്‍ പറയുന്ന നാള്‍വഴികളിലൂടെ വീണ്ടും ഒരു യാത്ര.

ഷാരോണിന്‍റെ അവസാന വാക്കുകളിലൊന്നാണിത്. താന്‍ ജീവന് തുല്യം സ്നേഹിച്ചവള്‍, തന്‍റെ ജീവനെടുക്കാനായി വിഷം തന്നൂവെന്ന് പൂര്‍ണമായും വിശ്വസിക്കാതെയാണ് ഷാരോണ്‍ മരണത്തിലേക്ക് നടന്നുനീങ്ങിയത്.  ഗ്രീഷ്മ താമസിച്ചിരുന്ന വീടാണ് ഷാരോണിന്‍റെ ജീവനെടുത്ത സ്ഥലം. ഇന്നേക്ക് 2 വര്‍ഷവും മൂന്ന് മാസങ്ങള്‍ക്കും മുന്‍പ്, 2022 ഒക്ടോബര്‍ 14ന് ഷാരോണിനെ ഗ്രീഷ്മ ഇവിടേക്ക് വിളിച്ചുവരുത്തി. രാവിലെ പത്തരയോടെ ഇവിടെയെത്തിയ ഷാരോണ്‍ അരമണിക്കൂറോളം ഇവിടെയുണ്ടായിരുന്നു. അതിനിടയിലാണ് ഗ്രീഷ്മ കളനാശിനി കലര്‍ന്ന കഷായം നല്‍കുന്നത്. അപ്പോള്‍ മുതല്‍ ശര്‍ദിച്ച് തുടങ്ങിയ ഷാരോണ്‍ പിന്നീട് 11 നാള്‍ ആശുപത്രിയില്‍, ഒടുവില്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരണത്തിലേക്ക്.

 

ഒരേ ബസില്‍ കോളജിലേക്കുള്ള യാത്ര, അങ്ങിനെയാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലാവുന്നത്. അതിനിടയില്‍ ആരുമറിയാതെ ഇരുവരും വെട്ടുകാട് പള്ളിയിലെത്തി മാലയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. എന്നാല്‍ നാഗര്‍കോവില്‍ സ്വദേശിയായ സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാനായി ഗ്രീഷ്മയുടെ ആലോചനകള്‍.

രണ്ട് വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള വിവാഹത്തിലെ പ്രശ്നങ്ങള്‍ ആദ്യം പറഞ്ഞു. ഷാരോണ്‍ കാര്യമാക്കാതെ വന്നതോടെ ജാതകദോഷം എന്ന കള്ളക്കഥയിറക്കി. തന്‍റെ ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജാതകത്തിലുണ്ടെന്ന് പറഞ്ഞ് പേടിപ്പിക്കാനായിരുന്നു നീക്കം. അതുംപൊളിഞ്ഞതോടെയാണ് കൊന്നുകളയാന്‍ തീരുമാനിച്ചത്. ആദ്യം ഇറക്കിയതായിരുന്നു ജ്യൂസ് ചാലഞ്ച്.  പാരാസെറ്റാമോള്‍ ഗുളിക കലര്‍ത്തിയ ജ്യൂസാണ് ഷാരോണിന് കൊടുത്തത്.

ഇതിന് ശേഷം രണ്ട് മാസത്തെ ഇടവേള. അമ്മാവന്‍ കൃഷിയിടത്തിലേക്ക് വാങ്ങുന്ന കളനാശിനി കുടിച്ചാല്‍ മനുഷ്യന്‍ മരിക്കുമെന്ന് ഗ്രീഷ്മ ഗൂഗിളില്‍ നോക്കി മനസിലാക്കി. അങ്ങിനെയാണ് പ്രണയം നടിച്ച് ഷാരോണിനെ വിളിച്ച് വരുത്തിയതും കയ്പ്പുള്ള കഷായം കുടിക്കാമോയെന്ന ചാലഞ്ചിലൂടെ ഷാരോണിനെ വിഷക്കഷായം നല്‍കിയതും. എന്നിട്ടും ഷാരോണിന്‍റെ ജീവന്‍ നഷ്ടമാകും വരെ പ്രണയം അഭിനയം തുടര്‍ന്നു.

ENGLISH SUMMARY:

Sharon Raj murder: Neyyattinkara court to deliver verdict today