പത്തനംതിട്ടയിലെ CWC അംഗത്വത്തിൽ നിന്ന് മാറ്റിയതിന്  പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ച് അഭിഭാഷകയായ പ്രാദേശിക വനിതാ നേതാവ്.ആറു വയസ്സുള്ള കുട്ടിയെ ആക്രമിച്ച കേസിൽ പ്രതിയായതോടെ പുറത്താക്കപ്പെട്ട കാർത്തികയാണ് ഫേസ്ബുക്കിൽ വെല്ലുവിളിയുമായി എത്തിയത്.റൗഡി ലിസ്റ്റിൽ പെട്ട ഭർത്താവിനെ സിപിഎം പുറത്താക്കിയതോടെയാണ് പാർട്ടി ബന്ധം വഷളായത്.  

കഴിഞ്ഞ മാർച്ചിൽ മലയാലപ്പുഴയിൽ ആറ് വയസ്സുള്ള കുട്ടിയെയും കുടുംബത്തെയും ആക്രമിച്ച കേസിലെ നാലാം പ്രതിയാണ് സിപിഎം തുമ്പമൺ മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ കാർത്തിക. ഭർത്താവ് അർജുൻ ദാസ് ആണ് ഒന്നാംപ്രതി. ഇതോടെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗത്വത്തിൽ നിന്ന്  മാറ്റി നിർത്തി അന്വേഷണം തുടങ്ങിയത്. 

അനധികൃതമായി മണ്ണ് കടത്തിയത് പൊലീസിനെ അറിയിച്ചു എന്ന് പറഞ്ഞാണ് അയൽവീട് ആക്രമിച്ചത്. പന്തളം ഏരിയാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി.ബൈജു അസ്വസ്ഥതയോടെ പെരുമാറി. മലയാലപ്പുഴ ലോക്കൽ സെക്രട്ടറി തേർഡ് റൈറ്റ് ക്രിമിനലാണ്. സിപിഎമ്മിന്റെ ചില നേതാക്കളുടെ ഗുണ്ടാ പണി ചെയ്യുന്ന മാനസപുത്രനാണ്. ഇവരൊക്കെയാണ് കാലാവധി തീരാൻ നാലുമാസം മാത്രമുള്ള തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ. തനിക്കെതിരെയുള്ള നടപടികളിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉത്തരം പറയേണ്ടി വരുമെന്നും കാർത്തിക ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പാറ പൊട്ടിക്കുന്ന യന്ത്രം മോഷ്ടിച്ചതിന് ഭർത്താവ് അർജുൻ ദാസിനെ അടുത്തിടെ കോന്നി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരന്തരം കേസുകളിൽ പെട്ട് പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് കാർത്തികയുടെ ഭർത്താവ് അർജുൻ ദാസിനെ സിപിഎം പുറത്താക്കിയത്. സിപിഎം തുമ്പമൺ ടൗൺ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അർജുൻ ദാസ്.

ENGLISH SUMMARY:

Expelled from CWC membership; local woman leader who is also a lawyer challenged CPM