മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം. നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ചീരക്കറിയിലും കഞ്ഞിയിലും വിഷം ചേര്‍ത്ത് നല്‍കിയായിരുന്നു ദമ്പതികള്‍ നബീസയെ കൊന്നത്. 2016 ജൂണ്‍ 24നാണ് നബീസയെ റോഡരുകില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യക്തി വൈരാഗ്യവും സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടായിരുന്നു അരുംകൊല. നബീസയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ബഷീറും ഫസീലയും ചേർന്ന് റോഡരികിൽ ഉപേക്ഷിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊലപ്പെടുത്തിയതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതായി കോടതി വിധിച്ചു.
ചീരക്കറിയിൽ ചിതലിനുള്ള മരുന്നു ചേർത്ത് ഫസീല, നബീസക്ക് കഴിക്കാൻ കൊടുത്തു. കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം റോഡരികിൽ കണ്ട കാര്യം ബഷീർ തന്നെയായിരുന്നു പൊലീസിനോട് വിളിച്ചു പറഞ്ഞത്.