വര്‍ണവസന്തം നിറച്ച് മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള. ഡാമും പരിസരവും പൂക്കളുടെ ഭംഗിക്കൊപ്പം ക്രിത്രിമ മഴയുടെയും മഞ്ഞിന്‍റെയും ആരവങ്ങളിലാണ്. കണ്ട് മതിവരാത്ത നിരവധി വിഭവങ്ങള്‍ മേളയില്‍ നിരനിരയായുണ്ട്.
അഴകിന്‍റെ അതിതീവ്ര ഭാവങ്ങള്‍ നിറയ്ക്കുന്ന ഇടമാണിവിടം. പേരുള്ളതും, എത്ര പറഞ്ഞാലും നാവില്‍ വഴങ്ങാത്തതുമായ വിദേശികളും, സ്വദേശികളുമുള്‍പ്പെടെ വൈവിധ്യം നിറഞ്ഞ പൂക്കള്‍. ഇത് ചെണ്ടുമല്ലിയല്ലേ എന്നോര്‍ക്കുമ്പോള്‍ അരികിലുണ്ട് ഓര്‍ക്കിഡും, ആന്തൂറിയവും മറ്റ് നിരവധി വര്‍ണപ്പൂക്കളും. ഏത് പ്രായക്കാര്‍ക്കും ഏറെ നേരം ആസ്വദിക്കാന്‍ കഴിയുന്ന മട്ടിലാണ് മലമ്പുഴ ഉദ്യാനത്തിലെ പുഷ്പോല്‍സവ കാഴ്ച.
ക്രിത്രിമ മഴയും, മഞ്ഞും വേണ്ടുവോളം പൊരിവെയിലത്തും പെയ്തുതീരും. തണുപ്പൊക്കെ ആസ്വദിച്ച്, റോപ് വേയില്‍ കയറി ആകാശദ്യശ്യങ്ങളും കണ്ട്. മലമ്പുഴ ഡാം പരിസരവും നടന്ന് കണ്ട് കലാപരിപാടികളും ആസ്വദിച്ച് മടങ്ങാം. കേട്ടറിഞ്ഞ് വരുന്നവര്‍ കണ്ടറിഞ്ഞ് മറ്റുള്ളവരെയും ഇവിടേക്ക് ക്ഷണിക്കുമെന്നത് തിരക്ക് തെളിയിക്കുന്നു