TOPICS COVERED

കഞ്ചിക്കോട് വന്‍ മദ്യ നിര്‍മാണ ശാല സ്ഥാപിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് തിടുക്കത്തില്‍ പുറത്തിറക്കി സര്‍ക്കാര്‍. മന്ത്രിസഭ വിഷയം ചര്‍ച്ചചെയ്ത് 24 മണിക്കൂറിനകം തന്നെ അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ്  പുറപ്പെടുവിച്ചു. ഒയാസിസ് കമ്പനിയുടെ മേനികള്‍ എണ്ണിപ്പറഞ്ഞും, 600 കോടിയുടെ  പദ്ധതിക്കെതിരെ വരാവുന്ന ആരോപണങ്ങള്‍ മുന്‍കൂട്ടി കണ്ടുമാണ് ഉത്തരവിന്റെ ഉള്ളടക്കം. 

പെട്ടൊന്നൊരു സ്വകാര്യ കമ്പനിക്ക്  വിദേശ്യമദ്യ ബോട്ടിലിംഭ് യൂണിറ്റ്, എഥനോള്‍നിര്‍മാണം, മാള്‍ട്ട് സ്പിരിറ്റ് നിര്‍മാണം, ബ്രൂവറി എന്നിവയെല്ലാം ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിക്ക് അനുവാദം നല്‍കുമ്പോള്‍ ആരോപണ പെരുമഴ തന്നെ ഉണ്ടാകുമെന്ന് സര്‍ക്കാരിനറിയാം. ഇത് മുന്‍കൂട്ടികണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 15ാം തീയതി മന്ത്രി സഭ വിഷയം ചര്‍ച്ച ചെയ്യുന്നു 16 ന് തന്നെ അഡിഷണല്‍ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉത്തരവും പുറപ്പെടുവിക്കുന്നു. വയനാട് പുനരധിവാസം പോലും മാസങ്ങളായി ഇഴഞ്ഞു നീങ്ങുതിനിടെയാണ് ഇക്കാര്യത്തില്‍ തിടുക്കത്തിലുള്ള നടപടികള്‍. അനുമതി ലഭിച്ച ഒയായസിസ്  കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലെ ഒായില്‍ കമ്പനികളുടെ ടെണ്ടറില്‍ ഇടം നേടിയ ഏക സ്ഥാപനമാണെന്ന് ഉത്തരവ് എടുത്തു പറയുന്നു. അവര്‍ക്ക് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് പഞ്ചാബ് ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ സമാന വ്യവസായങ്ങള്‍ നടത്തിവരുകയുമാണ്. ഇത്രയും വിശദമായി പറഞ്ഞത് ആരാണ് ഈ ഒയായസിസ് , എന്താണ് അവരെ മാത്രം പരിഗണിച്ചത് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ്. ഇനി ജലലഭ്യത സംബന്ധിച്ച പ്രശ്നം . വാട്ടര്‍ അതോറിറ്റി വെള്ളം  ലഭ്യമാക്കുന്നതിന് അനുമതി നല്‍കി എന്ന് ഉത്തരവ് പറയുന്നു. പോരാത്തതിന് ജലചൂഷണം ഒഴിവാക്കാന്‍ മഴവെള്ളം സംഭരിക്കുമെന്നും ഉത്തരില്‍ ഉറപ്പു നല്‍കുന്നുണ്ട്. മലിനീകരണം ഉണ്ടാകില്ല, കാരണം സീറോ ഡിസ്ചാര്‍ജ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതത്രെ.  എന്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത് എന്ന ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി നല്‍കുന്നു. 2023–24 ലെ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുവാദം നല്‍കിയത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും സര്‍ക്കാരിന്‍റെ വരുമാനം വര്‍ധിക്കും എന്നുകൂടി പറഞ്ഞാണ് ഉത്തരവ് അവസാനിക്കുന്നത്. അതായത്  പദ്ധതിയെ കുറിച്ചുള്ള എല്ലാ  സംശയങ്ങള്‍ക്കും മറുപടി കിട്ടാന്‍  ഉത്തരവ് വായിക്കുക എന്നാണ് സര്‍ക്കാര്‍ പറഞ്ഞുവെക്കുന്നത്. 

ENGLISH SUMMARY:

The government hastily issued the order granting permission to establish a large liquor manufacturing unit in Kanjikode. The cabinet discussed the matter, and within 24 hours, the Additional Chief Secretary issued the order.