ജീവൻ രക്ഷിക്കാനായി രക്തമൂലകോശദാതാവിനെ തേടി സഹോദരങ്ങളായ മൂന്നുകുരുന്നുകൾ. ചങ്ങനാശ്ശേരി സ്വദേശികളായ മുബാറക്ക് - സൈറുന്നിസ ദമ്പതികളുടെ കുഞ്ഞുങ്ങളാണ് ജനിതക രക്തരോഗമായ ബീറ്റാ തലസീമിയ മേജർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്. കുട്ടികൾക്ക് അനുയോജ്യമായ രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയും ഡി.കെ.എം.എസ് - ബി.എം.എസ്.ടി ഫൗണ്ടേഷനും ചേർന്ന് സംവിധാനമൊരുക്കി.
മൂത്തയാൾ ഫൈസിക്ക് 11 വയസ്സാണ്. ഫൈഹയ്ക്ക് പത്തും ഫൈസിന് നാലും വയസ് പ്രായം. ഓടിക്കളിക്കേണ്ട പ്രായത്തിൽ പക്ഷേ ഈ കുരുന്നുകൾ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്. ഹീമോഗ്ലോബിൻ ഉല്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷി ദുർബലപ്പെടുന്ന ജനിതക രോഗമാണ് ബീറ്റാ തലസീമിയ മേജർ. ഇതുവഴി ശരീരത്തിലെ ആന്തരികാവയവങ്ങൾ തകരാറിലാകുന്നു. പലവട്ടം രക്തം കയറ്റണം. മരുന്നുകളും ഇഞ്ചക്ഷനുകളും വേറെ. ഈ ചികിത്സ തുടർന്നാലും മൂന്നു കുരുന്നുകൾക്കും 20 വയസ്സിനപ്പുറം ജീവൻ നിലനിർത്താൻ ആകില്ലെന്ന് ഡോക്ടർമാർ. ഇനി ആകെയുള്ള പോംവഴി രക്തമൂലകോശം മാറ്റി വയ്ക്കൽ ആണ്.
രക്തദാനം പോലെ എളുപ്പവും സുരക്ഷിതവും ആണ് രക്ത മൂലകോശ ദാനം എങ്കിലും അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നതാണ് വെല്ലുവിളി. പുറമേനിന്ന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 10,000 ത്തിൽ ഒന്നു മുതൽ 20 ലക്ഷത്തിൽ ഒന്നു വരെയാണ്. ദാനം ചെയ്യാൻ സന്നദ്ധരായവർക്ക് ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയും ഡികെഎംഎസ് ബിഎംഎസ്ടി ഫൗണ്ടേഷനും ചേർന്ന് രജിസ്ട്രേഷൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 11കാരൻ ഫൈസിയുടെ ആന്തരികാവയവങ്ങളിലേക്ക് രോഗം ബാധിച്ചു. ഉടൻ തുടർ ചികിത്സ നൽകണം. ലോകത്ത് എവിടെയെങ്കിലും കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ രക്തമൂല കോശവും അത് നൽകാൻ മനസ്സുള്ളയാളും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കുടുംബം.