റഷ്യന്‍ കൂലിപ്പട്ടാളത്തിലേയ്ക്ക് തൃശൂര്‍ സ്വദേശികളായ രണ്ടു പേരെ കൊണ്ടുപോയ മലയാളി യുവാക്കളെ വടക്കാഞ്ചേരി പൊലീസ് ചോദ്യംചെയ്യുന്നു. . തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയായ ബിനില്‍ റഷ്യയില്‍ വെടിയേറ്റു മരിച്ചിരുന്നു. കുറാഞ്ചേരി സ്വദേശിയായ ജെയ്ന്‍ വെടിയേറ്റ് ചികില്‍സയിലാണ്.
എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്‍റണി എന്നിവരെയാണ് തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് ചോദ്യംചെയ്യുന്നത്. വെടിയേറ്റ് റഷ്യയിലെ മോസ്കോയില്‍ ചികില്‍സയില്‍ കഴിയുന്ന ജെയ്ന്‍ കുര്യന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബിനിലും ജെയ്നും കരാര്‍ ഒപ്പുവച്ചത് ഇരുവരുടേയും നിര്‍ദ്ദേശപ്രകാരമായിരുന്നു. യാത്രാ രേഖകളും ജോലിയുടെ ഉത്തരവുമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. വിദേശത്തേയ്ക്കു കൊണ്ടുപോയ കേസായതു കൊണ്ടുതന്നെ നിയമപരമായ പരിമിതികളുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ മൊഴികളും രേഖകളും പരിശോധിച്ച ശേഷമെ തുടര്‍നടപടിയിലേക്ക് പൊലീസ് പോകൂ.
റഷ്യയിലേക്ക് മലയാളി യുവാക്കളെ പട്ടാള ജോലികള്‍ക്കായി നേരത്തെ കൊണ്ടുപോയതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെട്ടിരുന്നു. ചിലരെ നാട്ടിലേക്ക് തിരിച്ചയച്ചു. ബിനിലിനേയും ജെയ്നിനേയും തിരിച്ചയച്ചില്ല. ഇരുവരും യുദ്ധമുഖത്ത് പെടുകയും ചെയ്തു. ബിനിലിന്‍റെ മൃതദേഹം ഇനിയും നാട്ടില്‍ എത്തിച്ചിട്ടില്ല. ജെയ്നിനെ നാട്ടിലെത്തിച്ച് ചികില്‍സ നല്‍കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.