മംഗളൂരൂ ഉള്ളാൾ കൊട്ടേക്കർ സഹകരണ ബാങ്കിൽ നിന്ന് 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിൽ അന്വേഷണം കേരളത്തിലേക്കും. കവർച്ചാ സംഘം തലപ്പാടി ടോൾ ഗേറ്റ് കടന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. മൂന്ന് വാഹനങ്ങളിലാണ് സംഘം എത്തിയത്. ബാങ്കിൽ എത്തിയ അഞ്ചംഗ സംഘത്തിന് പുറമെ കൂടുതൽ ആളുകൾക്ക് കവർച്ചയിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹൊസങ്കടിയിൽ നിന്ന് ആനക്കൽ വഴി ഇവർ കർണാടകയിലേക്ക് തിരികെ കടക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.