വി.ഡി.സതീശന്‍ (ഫയല്‍ ചിത്രം)

ബ്രൂവറിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയും അഴിമതിയുമെന്ന് വി.ഡി.സതീശന്‍. ദശലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളം ആവശ്യമായ പദ്ധതിയാണെന്നും ഭൂഗര്‍ഭജലം ഊറ്റിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ്. എം.ബി.രാജേഷ് കമ്പനിയുടെ പ്രചാരണ മാനേജറെപ്പോലെ പ്രവര്‍ത്തിക്കുന്നു. സ്ഥലമെടുപ്പ് കോളജിനായെന്ന് പറഞ്ഞ് പഞ്ചായത്തിനെയും കബളിപ്പിച്ചുവെന്നും വി.ഡി.സതീശന്‍. ഇനി മദ്യനയം മാറ്റി എന്നാണെങ്കില്‍ അത് കേരളത്തില്‍ ആരറിഞ്ഞെന്നും ചോദ്യം.

അതേസമയം, പാലക്കാട് ബ്രൂവറി അനുവദിച്ചതില്‍ ക്രമക്കേടില്ലെന്നാണ് മന്ത്രി എം.ബി.രാജേഷിന്‍റെ നിലപാട്. എല്ലാ പരിശോധനകള്‍ക്കും ശേഷമാണ് ബ്രൂവറി കമ്പനിക്ക് അനുതി നല്‍കിയതെന്നും ഒരു തരത്തിലും ജലചൂഷണവും അനുവദിക്കില്ലെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എന്നാല്‍‌ ജലചൂഷണത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ മന്ത്രി ബാക്കി നിയമസഭയില്‍ പറയാമെന്നാണ് പ്രതികരിച്ചത്. ബ്രൂവറി അനുവദിച്ചതില്‍ എന്തുകിട്ടിയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തെ മന്ത്രി പരിഹസിച്ചു. എന്നാല്‍ എം.ബി.രാജേഷിന്‍റെ ന്യായീകരണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് വി.കെ.ശ്രീകണ്ഡന്‍ എം.പിയും പ്രതികരിച്ചു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തേക്ക് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധ മാർച്ച് നടത്തി.

‌എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ കെട്ടിച്ചമച്ചതെന്നാണ് സി.പി.എമ്മിന്‍റെ പ്രതികരണം. നാട്ടുകാര്‍ക്ക് ഭീഷണിയാകുന്ന കമ്പനികള്‍ക്ക് സി.പി.എം എതിരാണെന്നും ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. എല്ലാ വശങ്ങളും പരിശോധിച്ചാണ് സര്‍ക്കാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും വിവാദത്തിന് പിന്നില്‍ ബി.െജ.പിയുടെയും കോണ്‍ഗ്രസിന്റെയും താല്‍പര്യങ്ങളെന്നും ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു. 

ENGLISH SUMMARY:

V.D. Satheesan, the Opposition Leader, raises concerns about a conspiracy and corruption involving a brewery project, accusing M.B. Rajesh of misleading the Panchayat. He also questions the recent change in Kerala's liquor policy.