താന്‍ സൈബര്‍ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി സീരിയല്‍ നടി അഞ്ജിത. നര്‍ത്തകി പത്മശ്രീ രഞ്ജന ഗോറിന്റെ വാട്‌സാപ്പ് നമ്പറില്‍ നിന്ന് മെസേജ് അയച്ച് 10000 രൂപ ആവശ്യപ്പെട്ടുവെന്നും, പണം അയച്ചുകൊടുത്തുവെന്നുമാണ് അഞ്ജിത വ്യക്തമാക്കുന്നത്. രഞ്ജന ഗോറിന്റെ വാട്സാപ്പ് ആരോ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തെപ്പറ്റി അഞ്ജിത പറയുന്നതിങ്ങനെ; 19-ാം തീയതി ഉച്ചയോടെ രഞ്ജനയുടെ വാട്സാപ്പില്‍നിന്ന് ഒരു മേസേജ് വന്നു. ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നം, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തരുമോ എന്നായിരുന്നു മെസേജ്. ഞാന്‍ ഉടനെ രഞ്ജനയെ വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ കോളെടുത്തില്ല.
ഇത്രയും വലിയ ഒരാള്‍, തന്നോട് പണം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടാവും കോള്‍ എടുക്കാത്തതെന്ന് കരുതി. മെസേജില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു. ഇതുകൂടാതെ, എന്റെ ഫോണിലേക്ക് ഒ.ടി.പി അയച്ച് വാട്സാപ്പ് ഹാക്ക് ചെയ്യാനും ആരോ ശ്രമിച്ചിരുന്നു.
രഞ്ജന ഇടയ്ക്ക് വിളിക്കാറുണ്ട്. ഈ സംഭവത്തിന് ശേഷം രഞ്ജന വിളിക്കുകയും തന്റെ വാട്ട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാല്‍ കൊടുക്കരുതെന്നും പറയുകയും ചെയ്തു. അപ്പോഴേക്കും എന്‍റെ പണം പോയിരുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ജിത കൂട്ടിച്ചേര്‍ത്തു.