കടയുടെ ഉദ്ഘാടനദിവസം ഒരു രൂപയ്ക്ക് ഷൂ നല്‍കുമെന്ന പരസ്യംകണ്ട് പുലര്‍ച്ചെ മുതല്‍ കണ്ണൂരിലെ തായത്തെരു റോഡിലെ കടയ്ക്കു മുന്‍പില്‍ എത്തിയത് നൂറുകണക്കിനു യുവാക്കള്‍. റോഡ് ബ്ലോക്കായതോടെ പൊലീസ് ഇടപെട്ടു. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ഒരു രൂപയുടെ നോട്ടുമായി ആദ്യമെത്തുന്ന 75പേര്‍ക്ക് ഷൂ നല്‍കുമെന്നാണ് വ്ലോഗര്‍മാര്‍ പങ്കുവച്ച വിഡിയോയിലെ വാഗ്ദാനം. സമീപജില്ലകളില്‍ നിന്നുള്‍പ്പെടെ ആളുകളെത്തി.
ആദ്യമെത്തിയവര്‍ വരിനിന്ന് ക്ഷമയോടെ കാത്തിരുന്നു. പതിനൊന്നരയോടെ തിരക്ക് നിയന്ത്രണാതീതമായി. പൊലീസെത്തി നിയന്ത്രണം ഏറ്റെടുത്തു. ആളുകള്‍ ഒന്നിച്ചുകയറിയതോടെ ഇരുമ്പുഗോവണിയുടെ ഒരുഭാഗം പൊട്ടി. പൊലീസ് ലാത്തി വീശിയോടിക്കാന്‍ തുടങ്ങി. സമ്മാനപദ്ധതി നിര്‍ത്തിവയ്പിച്ച് തല്‍ക്കാലം കട അടപ്പിച്ചു.
ഉദ്ഘാടനവും അലമ്പായി, ആര്‍ക്കും ഷൂ കിട്ടിയതുമില്ല. താമരശ്ശേരി സ്വദേശികളായ കടയുടമകളെ ടൗണ്‍സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഗതാഗത തടസമുണ്ടാക്കിയതിനു ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നിട്ടും ചിലര്‍ അഥവാ ഷൂ കൊടുക്കുന്നുണ്ടെങ്കിലോ എന്നുകരുതി പരിസരപ്രദേശത്തെല്ലാം കറങ്ങി നടക്കുന്നുണ്ടായിരുന്നു.