കണ്ണൂർ കണ്ണപുരത്ത് കൊടിമരം പിഴുതുമാറ്റിയതിന്റെ പേരിൽ പൊലീസിനെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി. കണ്ണപുരം സി.ഐ സാബുമോനെതിരെ പൊലീസ് സ്റ്റേഷനു മുൻപിൽ എത്തിയാണ് ബി.ജെ.പി പ്രവർത്തകർ ഭീഷണി മുഴക്കിയത്. പൊലീസ് നശിപ്പിച്ച കൊടിമരം ബി.ജെ.പി പുനസ്ഥാപിച്ചു.

പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാക്കൾ കൊടിമരം നാട്ടി

ബിജെപി സ്ഥാപക ദിനത്തിന്റെ ഭാഗമായി കണ്ണപുരം ചൈന ക്ലേ റോഡിൽ നാട്ടിയ കൊടിമരം ഞായറാഴ്ച രാത്രി  പൊലീസ് നശിപ്പിച്ചിരുന്നു.  എന്നാൽ പൊതുസ്ഥലത്ത് കൊടികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. അപ്പോൾ തന്നെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു.

പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ രാത്രി കണ്ണപുരത്ത് ബിജെപി നടത്തിയത്.  ഒപ്പം പൊലീസിനെ വെല്ലുവിളിച്ച് പൊലീസ് പറിച്ചെടുത്ത അതേ സ്ഥലത്ത് ബിജെപി നേതാക്കൾ കൊടിമരം നാട്ടുകയും ചെയ്തു.കൊടിമരം മുറിച്ചുമാറ്റിയ സിഐ സാബുമോനെ കൈകാര്യം ചെയ്യുമെന്ന വിധത്തിൽ പ്രവർത്തകർ ഭീഷണിയും മുഴക്കി. ബിജെപിക്ക് നേരെ വന്നാൽ ആ കളി അവസാനത്തെ കളിയാകും എന്നാണ് ഭീഷണി.

അധികാരത്തിന്റെ തണലിൽ പ്രവർത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് ബിജെപി നിലപാട്. എന്നാൽ , ഞായറാഴ്ച രാത്രി ബിജെപി കൊടിമരം മാത്രമല്ല, സിപിഎമ്മിന്റെതുൾപ്പെടെ പതാകകൾ നീക്കം ചെയ്തിരുന്നു എന്നാണ് പൊലീസ് മറുപടി.

ENGLISH SUMMARY:

In Kannur's Kannapuram, BJP workers raised slogans threatening the police after a flagpole was allegedly removed by them. The protest was directed specifically at Kannapuram CI Sabumon, with BJP members gathering in front of the police station. The party later reinstalled the flagpole that had been removed.