ചോദ്യംചെയ്യലിനിടെ ഒരു തവണ പോലും ചെയ്തത് തെറ്റായിപ്പോയെന്ന് ഗ്രീഷ്മ പറഞ്ഞിട്ടില്ലെന്ന് പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതിയെ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് തന്നെയായിരുന്നു ഷാരോണ്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ ആദ്യംമുതലേ വാദിച്ചത്. അത് കൃത്യമായി കോടതിക്കും ബോധ്യപ്പെട്ടു. അന്വേഷണത്തില്‍ ഏറ്റവും നിര്‍ണായകമായത് ഷാരോണ്‍ തന്നെ പകര്‍ത്തിയ വിഡിയോ ആയിരുന്നു. ആ വിഡിയോയില്‍ രണ്ട് ജ്യൂസ് ബോട്ടിലുകളും പിടിച്ച് ജ്യൂസ് ചലഞ്ച് നടത്തുന്ന ഗ്രീഷ്മയുടെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. ആ വിഡിയോ നല്‍കിയ തുമ്പ് പിടിച്ചാണ് സംഘം അന്വേഷണം ആരംഭിച്ചത്.
ആ ജ്യൂസ് വാങ്ങിയ കട കണ്ടുപിടിച്ച് കടക്കാരനെ സാക്ഷിയാക്കി. അന്നയാള്‍ പൊലീസിനോട് പറഞ്ഞ കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ കോടതിയിലും പറഞ്ഞു. അത് കേസില്‍ വളരെ നിര്‍ണായകമായി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലും വാദങ്ങള്‍ക്ക് ബലമേകുന്ന തെളിവുകള്‍ ശേഖരിക്കുന്നതിലും പൊലീസ് നൂറ് ശതമാനം വിജയിച്ചു. ജ്യൂസ് ചലഞ്ച് പരാജയപ്പോട്ടപ്പോഴാണ് കഷായം ചലഞ്ച് ആരംഭിച്ചത്. ഇതെന്തോന്ന് ചലഞ്ച് വാവേ..എന്നു പലതവണ ഷാരോണ്‍ ഗ്രീഷ്മയോട് ചോദിച്ചു. അതും ആ വിഡിയോയിലുണ്ട്.എന്നിട്ടും കണ്ണടച്ച് പ്രണയം സൂക്ഷിക്കുന്ന ഷാരോണിന് ഒരു സെക്കന്‍റ് പോലും അവള്‍ക്കുമേല്‍ സംശയം തോന്നിയില്ല.
ജ്യൂസിലെ നിറവ്യത്യാസം പ്രാഥമിക ഘട്ടത്തില്‍ തന്നെ ഗ്രീഷ്മയിലേക്ക് സംശയത്തിന്‍റെ വിരല്‍ ചൂണ്ടുന്നതായിരുന്നു. പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള ഗുളികകള്‍ അമിതമായി കഴിച്ചാല്‍ ആന്തരാവയവങ്ങള്‍ നശിക്കുമെന്ന് ഗ്രീഷ്മയ്ക്കറിയാമായിരുന്നു. ഇതെല്ലാം ഗൂഗിളില്‍ തിരഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വകവരുത്തിയത്. അതൊന്നും ഫലിക്കാതെ വന്നതോടെ പാരാക്വിറ്റ് എന്ന കളനാശിനിയിലേക്കെത്തി. ജ്യൂസില്‍ പാരാക്വിറ്റ് കലക്കിയാല്‍ കാര്യം നടപ്പാവില്ലെന്ന് ബോധ്യമുള്ള ഗ്രീഷ്മ അതിനായി കഷായം ചലഞ്ച് നടപ്പാക്കി. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ പാക്കറ്റിന്‍റെ സാന്നിധ്യം തിരിച്ചറിയാനാവില്ലെന്നതായിരുന്നു അതേ കളനാശിനി തന്നെ ഉപയോഗിക്കാന്‍ കാരണം.
ആരും വീട്ടിലില്ലെന്ന് പറഞ്ഞ് ഗ്രീഷ്മ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബൈക്കില്ലെന്ന് പറഞ്ഞെങ്കിലും പ്രലോഭിപ്പിച്ചും വശീകരിച്ചും അവനെ വീട്ടിലേക്കെത്തിച്ചു. ആരുടെയെങ്കിലും ബൈക്ക് എടുത്തുവരാനായിരുന്നു ഗ്രീഷ്മ ആവശ്യപ്പെട്ടത്. അങ്ങനെ സുഹൃത്തിന്‍റെ ബൈക്കുമായാണ് ഷാരോണ്‍ അന്ന് ഗ്രീഷ്മയുടെ വീട്ടിലെത്തിയത്. അന്വേഷണഘട്ടത്തില്‍ പൊലീസിനെ പലതരത്തില്‍ തെറ്റിദ്ധരിപ്പിക്കാനും ഗ്രീഷ്മ ശ്രമം നടത്തി. പൊലീസ് ചോദിച്ചാല്‍ എന്തുപറയണം എന്ന് ബന്ധുസ്ത്രീയെ പറഞ്ഞുപഠിപ്പിച്ചു, ഒരു ഓട്ടോക്കാരനെയും സമാനമായ രീതിയില്‍ സമീപിച്ചു. ജ്യൂസ് കുടിച്ച് ഓട്ടോക്കാരന് പല ആരോഗ്യപ്രശ്നങ്ങള്‍ വന്നിരുന്നെന്ന് പറയണമെന്നതുള്‍പ്പെടെ കൃത്യമായ നീക്കങ്ങളായിരുന്നു ഗ്രീഷ്മ നടത്തിയിരുന്നത്.
കൃത്യമായ അന്വേഷണം നടത്തിയ പൊലീസിനും, കൃത്യമായ വാദങ്ങള്‍ നിരത്തിയ പ്രോസിക്യൂഷനും കേസില്‍ ഗ്രീഷ്മയെന്ന ക്രിമിനലിനെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനായി. പ്രണയമാണ് ഏറ്റവും വലിയ സത്യമെന്ന് വിശ്വസിച്ച് ജീവിച്ചുമരിച്ച ആ ചെറുപ്പക്കാരന് നീതി നല്‍കാന്‍ കോടതിക്കും കഴിഞ്ഞു.