കഷായത്തിൽ കീടനാശിനി കലർത്തി നൽകി കാമുകന്‍ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഗ്രീഷ്മ എസ് നായര്‍ക്ക് വധശിക്ഷ. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണെന്നും 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാനാവാതെയാണ് ഷാരോൺ ആശുപത്രിയിൽ കഴിഞ്ഞതെന്നും വിഷം അകത്ത് ചെന്ന് നാവിന്‍റെ ഒരു ഭാഗം അടർന്നെന്നും ആന്തരിക അവയങ്ങള്‍ നശിച്ച് പോയെന്നും കോടതി പറഞ്ഞു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നാണു പറഞ്ഞാണു ഷാരോണിനെ ഗ്രീഷ്മ ക്ഷണിച്ചുവരുത്തിയതെന്നും ഗ്രീഷ്മ നടത്തിയത് വിശ്വാസവഞ്ചനയാണെന്നും കോടതി വ്യക്തമാക്കി. മരണക്കിടക്കയിൽ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോൺ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോൺ ആഗ്രഹിച്ചതെന്നും വിധിന്യായത്തിൽ കോടതി പറയുന്നു.
തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണു നിർമലകുമാരൻ നായരുടേത്. ഒന്നാംപ്രതിക്കു വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നൽകണമെന്നു പ്രതിഭാഗം വാദിച്ചു.
മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണു ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി. ഷാരോണിനെ 2022 ഒക്ടോബർ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയതായാണു കേസ്. ഷാരോൺ ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചു. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.