പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് സർക്കാർ നൽകിയ അനുമതി പിൻവലിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി.യുഡിഎഫ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേർന്നാണ് തീരുമാനം പുനപരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. ബിജെപി അംഗങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ നിലവിൽ ഏതെങ്കിലും തീരുമാനം പറയാനില്ലെന്നായിരുന്നു എൽഡിഎഫ് അംഗങ്ങളുടെ പ്രതികരണം. 

22 അംഗ ഭരണസമിതിയിൽ എട്ട്  യുഡിഎഫ് അംഗങ്ങളും, അഞ്ച് ബിജെപി അംഗങ്ങളും ബ്രൂവറിക്ക് അനുമതി നൽകിയ മന്ത്രിസഭാ തീരുമാനത്തെ എതിർത്തു. എട്ടുപേരിൽ യോഗത്തിൽ പങ്കെടുത്ത അഞ്ച് എൽഡിഎഫ് അംഗങ്ങൾ തൽക്കാലം വ്യക്തമായ നിലപാട് സ്വീകരിക്കാനില്ലെന്നറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി മൗനാനുവാദം നൽകിയെന്ന ബിജെപി അംഗങ്ങളുടെ പരാമർശത്തെ ചൊല്ലിയും തർക്കമുണ്ടായി. പദ്ധതി പിൻവലിക്കും വരെ സമരമുഖത്തുണ്ടാവുമെന്നാണ് കോൺഗ്രസ്, ബി.ജെ.പി നേതൃത്വങ്ങളുടെ നിലപാട്.

പാലക്കാട്ടെ കഞ്ചിക്കോട്ട് വിദേശമദ്യ ബോട്ട്ലിങ് യൂണിറ്റിനും ബ്രൂവറിക്കുമായി തിടുക്കപ്പെട്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഒന്നാം ഘട്ടത്തില്‍ വിദേശമദ്യ ബോട്ട്‌ലിങ് യൂണിറ്റ് സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ എഥനോളും മൂന്നാംഘട്ടത്തില്‍ മാള്‍ട്ട് സ്പിരിറ്റും നിര്‍മിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നാലാംഘട്ടമായാകും ബ്രൂവറി സ്ഥാപിക്കുകയെന്നും ഉത്തരവ് വിശദീകരിക്കുന്നു. 600 കോടി രൂപയാണ് ബ്രൂവറിക്കായുള്ള മുതല്‍മുടക്ക്. 2023–24 ലെ മദ്യനയം അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിയത്. ബ്രൂവറിയിലേക്ക് വെള്ളം നല്‍കുന്നതിനായി ജല അതോറിറ്റിയും അനുമതി നല്‍കി.

ENGLISH SUMMARY:

The Elappulli Panchayat , led by the UDF, has called for the revocation of the government's permission for a brewery in Palakkad. The committee held a special meeting and urged the government to reconsider the decision.