മകനെ ഇഞ്ചിഞ്ചായി കൊന്ന കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്‍റെ അമ്മ. 'നിഷ്കളങ്കനായ എന്‍റെ പൊന്നുമോന്‍റെ നിലവിളി ദൈവം കേട്ടു. നീതികിട്ടിയെന്നും നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി'യെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ സംതൃപ്തരാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
പ്രതി നടത്തിയത് ആസൂത്രിത കുറ്റകൃത്യമാണെന്നും പ്രായം കുറവാണെന്നതോ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതോ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് തൂക്കുകയറിന് പുറമെ തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. തെളിവുനശിപ്പിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നുവര്‍ഷം തടവാണ് ശിക്ഷ.
ബുദ്ധിമതിയായ ക്രിമിനലെന്നാണ് ഗ്രീഷ്മയെ കോടതി വിലയിരുത്തിയത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി 586 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത്. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരണക്കിടക്കയിലും ഗ്രീഷ്മയെ 'വാവേ' എന്നാണ് ഷാരോണ്‍ വിളിച്ചത്. ഒക്ടോബര്‍ 14ന് സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് എത്തുമ്പോഴും കൊല്ലാനാണെന്ന് ഷാരോണ്‍ അറിഞ്ഞിരുന്നില്ലെന്നും കോടതി പറഞ്ഞു. തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി അറിഞ്ഞില്ല. ജ്യൂസ് ചലഞ്ച് വധശ്രമമായിരുന്നുവെന്നും തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം ഉറപ്പിച്ച ശേഷവും ഗ്രീഷ്മയ്ക്ക് മറ്റുബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഷാരോണുമായി ലൈംഗികബന്ധം നടത്തിയെന്ന് തെളിഞ്ഞുവെന്നും വിധിന്യായത്തില്‍ പറയുന്നു. ബന്ധം അവസാനിപ്പിക്കാന്‍ വിഷം കൊടുത്ത് കൊന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.