മകരവിളക്ക് ഉൽസവത്തിന് ശേഷം ശബരിമല നട അടച്ചു. 63 ലക്ഷം തീർഥാടകരാണ് ഇത്തവണ ദർശനം നടത്തിയത്. നിർത്തിവയ്ക്കാൻ തീരുമാനിച്ചു വിവാദത്തിൽ ആയ സ്പോട്ട് ബുക്കിങ് വഴി കഴിഞ്ഞവർഷത്തെക്കാള്‍ ഇരട്ടി തീർത്ഥാടകരെത്തി.
പുലർച്ചെ അഞ്ചിന് തിരുവാഭരണ വാഹകർ അയ്യപ്പന്‍റെ അനുവാദം വാങ്ങി തിരുവാഭരണവുമായി പടിയിറങ്ങി. രാജപ്രതിനിധി രാജരാജവർമ്മ അയ്യപ്പനെ ദർശിച്ച ശേഷം മേൽശാന്തി അയ്യപ്പ വിഗ്രഹം ഭസ്മം കൊണ്ടു മൂടി. കഴുത്തിൽ രുദ്രാക്ഷവും കയ്യിൽ യോഗദണ്ഡും ധരിപ്പിച്ച ശേഷം ഹരിവരാസനം പാടി നടയടച്ചു. ശ്രീകോവിലിന്‍റെ താക്കോൽ രാജപ്രതിനിധിക്ക് കൈമാറി. പടിയിറങ്ങിയ രാജ പ്രതിനിധി താക്കോൽക്കൂട്ടവും മാസപൂജയുടെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികൾക്ക് കൈമാറി.
ഇത്തവണ 63 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയപ്പോൾ ഇതിൽ 10 ലക്ഷം പേർ സ്പോട്ട് ബുക്കിങ്ങാണ്. കഴിഞ്ഞ തവണ സ്പോട് ബുക്കിങ് 5.43 ലക്ഷം ആയിരുന്നു. കഴിഞ്ഞവർഷത്തേക്കാൾ 17 ലക്ഷം തീർത്ഥാടകരാണ് ഈ വർഷം കൂടുതൽ എത്തിയത്. വരുമാനത്തിന്റെ അവസാന കണക്കായിട്ടില്ല. 48 പേരാണ് ഈ വർഷം മലകയറ്റത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്.