kerala-water-authority-has-

പാലക്കാട് എലപ്പുള്ളിയില്‍ സ്ഥാപിക്കുന്ന മദ്യനിര്‍മാണശാലയ്ക്ക് വെള്ളം നല്‍കില്ലെന്ന് ജല അതോറിറ്റി. ഒയാസിസ് കമ്പനി തെറ്റിദ്ധരിപ്പിച്ചെന്നും മദ്യനിര്‍മാണത്തിനെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നില്ലെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.എന്‍.സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കിന്‍ഫ്രയിലേക്ക് എന്നാണ് അപേക്ഷയില്‍ കമ്പനി പറഞ്ഞിരുന്നത്. മദ്യനിര്‍മാണകാര്യം അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ.എന്‍.സുരേന്ദ്രന്‍. വെള്ളം നല്‍കാനാകില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 

 

മദ്യനിര്‍മാണശാല അനുവദിച്ച സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ടെണ്ടറില്ലാതെ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും പദ്ധതിക്കെതിരെ ഇതര സംസ്ഥാന സ്പിരിറ്റ് ലോബിയുടെ പ്രചരണം നടക്കുന്നതായും എം.വി.ഗോവിന്ദൻ പാലക്കാട്ട് പറഞ്ഞു. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് എലപ്പുള്ളിയിലെ ബ്രൂവറി തുടങ്ങുന്നതിനുള്ള അനുമതി. രണ്ട് വർഷമായി കൃത്യമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. യാതൊരുവിധ ജലചൂഷണവുമില്ല. ബ്രൂവറി നാടിനെ മരുഭൂമിയാക്കുമെന്ന പ്രചരണത്തിന് പിന്നിൽ ഇതര സംസ്ഥാന സ്പിരിറ്റ് ലോബിയാണെന്ന സംശയമാണ് ഉയരുന്നതെന്നും എം.വി.ഗോവിന്ദൻ.

അടിയന്തര പ്രമേയം അവതരിപ്പിക്കാതെ പ്രതിപക്ഷം ഒളിച്ചോടിയെന്നും നിയമസഭയിൽ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ബ്രൂവറി വിഷയത്തിലെ വിവാദങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ബ്രൂവറി വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതെ പ്രതിപക്ഷം ഒളിച്ചോടിയെന്ന് മന്ത്രി എം.ബി.രാജേഷ്. ബ്രൂവറി വിഷയം പ്രതിപക്ഷത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ ഉന്നയിച്ചു. ബ്രൂവറിക്ക് നൽകിയ ഉത്തരവ് സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

കടുത്ത ജലക്ഷാമം നേരിടുന്ന ജില്ലയിൽ ബ്രൂവറിക്ക് അനുമതി നൽകിയതിനെതിരെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയ്ക്കിടെ നേതാക്കൾ ഈ വിഷയം ഉയർത്തും. കുടിവെള്ളം മുടങ്ങാതെ നൽകാൻ കഴിയാത്ത ജല അതോറിറ്റി ജലചൂഷണത്തിന് കൂട്ട് നിൽക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി കൽമണ്ഡപത്തെ ഓഫിസ് ഉപരോധിച്ചു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുന്നതിന് അനുമതി നൽകിയ തീരുമാനം പുന പരിശോധിക്കണമെന്ന എലപ്പുള്ളി പഞ്ചായത്തിൻ്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ഭരണസമിതി ആലോചിക്കും.