പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം സിപിഐ അറിഞ്ഞു തന്നെ. മന്ത്രിസഭാ യോഗത്തിന് തലേദിവസം സിപിഐ സംസ്ഥാന സെക്രട്ടറിയുമായി പാര്‍ട്ടി മന്ത്രിമാര്‍ ആശയവിനിമയം നടത്തിയിരുന്നുവെന്ന് സിപിഐ വൃത്തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രയോജനമുള്ള പദ്ധതിയെന്ന് തെറ്റിദ്ധരിച്ച് പദ്ധതിയെ പിന്തുണച്ച സിപിഐ ഇനി തീരുമാനത്തെ തള്ളിപറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. 1999 ന് ശേഷം സ്വകാര്യ മദ്യകമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ഡല്‍ഹി മദ്യഅഴിമതിയില്‍പെട്ട കമ്പനിയാണെന്നതും സിപിഐ നേതൃത്വം മനസിലാക്കിയിരുന്നില്ല. പുതിയതായി സ്വകാര്യ ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ സിപിഐ നേതൃത്വം മന്ത്രിസഭയില്‍ മാത്രമല്ല പുറത്തും പ്രതികരിച്ചിട്ടില്ല.
മന്ത്രിസഭായോഗത്തിന് മുന്‍പ് സിപിഐ സംസ്ഥാന നേതൃത്വവുമായി പാര്‍ട്ടി മന്ത്രിമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സിപിഐ അംഗീകരിക്കുകയുമായിരുന്നു. സ്വകാര്യ മദ്യനിര്‍മാണ് കമ്പനികള്‍ ഇപ്പോള്‍ തന്നെ സംസ്ഥാത്തുണ്ടെന്നും അതിനാല്‍ എതിര്‍ക്കേണ്ടതില്ലെന്നുമായിരുന്നു സിപിഐ നിഗമനം. കര്‍ഷകര്‍ക്ക് മെച്ചമുണ്ടാകുമെന്നതാണ് ബ്രൂവറി അനുവദിക്കുന്നതിന് സിപിഐ തലകുലുക്കാന്‍ കാരണം. അസംസ്കൃത വസ്തുക്കളില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുമെന്നായിരുന്നു മൂന്ന് പേജുള്ള മന്ത്രിസഭായോഗത്തിന്‍റെ നോട്ടിലെ വിവരങ്ങള്‍. അതിനാല്‍ പദ്ധതി കര്‍ഷക സൗഹൃദമാവുമെന്ന തോന്നലിലാണ് സിപിഐ വിജോജിപ്പ് പറയാതിരുന്നത്.
എന്നാല്‍ 99 ശേഷം ബ്രൂവറി അനുവദിച്ചിട്ടില്ലെന്ന കാര്യം സിപിഐ നേതൃത്വത്തിന് അറിയില്ലായിരുന്നുവെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. നയപരമായ പ്രശ്നങ്ങള്‍ നേരത്തെയുണ്ടായിരുന്നുവെന്നും സിപിഐ നേതൃത്വത്തിന്‍റെ അറിവിലില്ലായിരുന്നു. കര്‍ഷക ക്ഷേമത്തിനുള്ള പദ്ധതിയെന്ന കരുതി മദ്യകമ്പനിക്ക് വാതില്‍ തുറക്കാന്‍ കൂട്ടു നിന്ന സിപിഐ വെട്ടിലായിരിക്കെയാണ്. ഡല്‍ഹി മദ്യ അഴിമതിയില്‍ പങ്കാളികളായവരാണ് അനുമതി കിട്ടിയ കമ്പനിയുടെ ഉടമകള്‍ എന്നും സിപിഐ നേതൃത്വം മനസിലാക്കിയിരുന്നില്ല. മന്ത്രിസഭാ അംഗീകരിച്ച തീരുമാനത്തില്‍ സിപഐയുടെ കൂടി അനുമതിയുള്ളതിനാല്‍ ഇനി തീരുമാനത്തെ തള്ളിപ്പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് സിപിഐ.