ആഢംബരബൈക്കിന്റെ രൂപഭാവങ്ങള്‍ ഷൂട്ട്ചെയ്ത് റീല്‍സാക്കുന്നതിനിടെ യുട്യൂബര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയിലായി. ബൈക്ക് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്‍ 10,500രൂപ പിഴയും ചുമത്തി. ലക്ഷങ്ങള്‍ വിലയുള്ള ബൈക്ക് വില്‍ക്കുന്നതിനു മുന്നോടിയായി സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കാനാണ് ബൈക്കിന്റെ വിവിധ ആംഗിളുകളെടുത്ത് ആഘോഷമായി വിഡിയോയില്‍ പകര്‍ത്തിയത്.
മോട്ടോര്‍ വാഹനവകുപ്പിന്റെ ഹെവിവാഹന ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് തന്നെയായിരുന്നു ഷൂട്ടിങ്ങിനായി യുട്യൂബര്‍ തിരഞ്ഞെടുത്തത് . ഡ്രൈവിങ് ടെസ്റ്റ് നടത്തുകയായിരുന്ന മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ അസിം ഇതെല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. ആംഗിളുകള്‍ തിരിച്ചുംമറിച്ചും ചിത്രീകരിക്കുന്നതിനിടെ യുട്യൂബര്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. ബൈക്ക് കണ്ട് സംശയം തോന്നിയാണ് ഉദ്യോഗസ്ഥന്‍ പരിശോധിച്ചത്. സൈലന്‍സറും ഹാന്‍ഡിലും ഉള്‍പ്പെടെ അടിമുടി രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു ബൈക്ക്.
കോട്ടയം സ്വദേശിയായ യുട്യൂബര്‍ എഎംവിഐയോട് കരഞ്ഞപേക്ഷിച്ചെങ്കിലും ആഡംബരബൈക്ക് രൂപമാറ്റം വരുത്തിയതു നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനിന്നു. ബൈക്ക് പൂര്‍വസ്ഥിതിയിലാക്കി ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.