സിപിഎം , ബിജെപി അനുകൂല സര്‍വീസ് സംഘടനകളൊഴികെയുള്ളവരുടെ പണിമുടക്കില്‍ ഇന്നു സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടേക്കും. ഡി.എ കുടിശിക നല്‍കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക,മെഡിസെപ് അപാകതകള്‍ പരിഹരിക്കുകയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഭരണം മാറുന്നതനുസരിച്ച് നിലപാടു മാറ്റാന്‍ കഴിയില്ലെന്നായിരുന്നു സമരത്തില്‍ പങ്കെടുക്കാത്ത സിപിഎം അനുകൂല സംഘടനയെ പരിഹസിച്ചുകൊണ്ടുള്ള സിപിഐ അനുകൂല സര്‍വീസ് സംഘടനയുടെ പ്രതികരണം. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഡയസ്നോണ്‍ ബാധകമാക്കി.
സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗണ്‍സിലിനും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ക്കും കാര്യമായ അംഗബലമുള്ള വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സമരം കാര്യമായി ബാധിച്ചേക്കും. സെക്രട്ടറിയേറ്റിലും ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. ഡിഎ കുടിശികയിനത്തില്‍ മാത്രം പ്രതിമാസം 4370 രൂപമുതല്‍ 31692 രൂപ വരെ ഉദ്യോഗസ്ഥര്‍ക്ക് നഷ്ടമെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം കിട്ടാനുണ്ടെങ്കിലും സര്‍ക്കാരിന്‍റെ വാക്ക് വിശ്വസിച്ച് സമരം ചെയ്യുന്നില്ലെന്നു സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍. എന്നാല്‍ സിപിഎം അനുകൂല സംഘടനയെ ട്രോളിക്കൊണ്ടായിരുന്നു സമരത്തില്‍ പങ്കെടുക്കുന്ന സിപിഐ അനുകൂല സര്‍വീസ് സംഘടനയുടെ പ്രതികരണം. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം ലഭിക്കില്ല, അത്യവശ്യ കാര്യങ്ങള്‍ക്കൊഴികെ അവധി അനുവദിക്കരുതെന്നു വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.