അന്യപുരുഷൻമാരും സ്ത്രീകളും ഇടകലരുതെന്ന് പറഞ്ഞത് സമസ്തയുടെ മുശാവറയാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. അതിനെ ഏതോ ഒരു വ്യായാമത്തിന്റെ പേരിലാക്കി തന്റെ മാത്രം പ്രസ്താവനയാക്കി പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഞങ്ങൾ പറയുന്നതിനെതിരെ കുതിര കയറാൻ വരണോയെന്നും കാന്തപുരം ചോദിച്ചു.
ഞങ്ങൾ ഇസ്ലാമിന്റെ കാര്യം പറയുന്നത് മുസ്ലിംകളോടാണ് മറ്റുള്ളവർ അതിൽ ഇടപെടേണ്ട. അന്യപുരുഷൻമാരും സ്ത്രീകളും ഒന്നിച്ചുകൂടാൻ പാടില്ലെന്നത് ഇസ്ലാമിന്റെ നിയമമാണ്. ലോകം ഒട്ടാകെ അംഗീകരിച്ചതാണെന്നും ആലപ്പുഴയിൽ ഡോ. എം.എം ഹനീഫ് മൗലവി അനുസ്മരണ സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. നേരത്തെ മെക് സെവൻ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത് എത്തിയിരുന്നു. സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാം ആണെന്നും. വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നുവെന്നും ആയിരുന്നു ആരോപണം.
അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരോക്ഷ വിമര്‍ശനത്തില്‍ മറുപടിയുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തെത്തി. ഇസ്ലാമിന്റെ നിയമം എന്താണ് വേണ്ടതെന്ന് പണ്ഡിതന്മാര്‍ പറയും. അത് അവര്‍ക്ക് വിട്ടു കൊടുക്കണം. എം.വി. ഗോവിന്ദന്റെ ജില്ലയില്‍ 18 ഏരിയ സെക്രട്ടറിമാരുള്ളതില്‍ ഒരാള്‍ പോലും സ്ത്രീ ഇല്ലെന്നും എന്തുകൊണ്ടാണ് അവിടെ ഒന്നും സ്ത്രീകളെ പരിഗണിക്കാത്തത് എന്നും കാന്തപുരം ചോദിച്ചു.