പത്തുവര്‍ഷത്തോളം യെമനില്‍ കുടുങ്ങിയ മലയാളി നാടിന്‍റെ തണലില്‍. തൃശൂര്‍ ഇരിങ്ങാലക്കുട നെടുമ്പാള്‍ സ്വദേശിയായ കെ.കെ.ദിനേശന്‍ നാടിന്‍റെ സ്നേഹത്തിലേക്ക് വിമാനമിറങ്ങി.യെമനിലെ ഹൂതിമേഖലയില്‍ കുടുങ്ങിയ ദിനേശന്‍ വീസയില്ലാതെ, പറഞ്ഞ ജോലി കിട്ടാതെ കഷ്ടപ്പെട്ടത് പത്തുവര്‍ഷം. മനുഷ്യാവകാശ പ്രവര്‍ത്തകരായ സാമുവലും സിജുവുമാണ് ഒടുവില്‍ രക്ഷയായത്.
കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നാട്ടില്‍ തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ദിനേശന്‍റെ ആദ്യ പ്രതികരണം. തനിക്ക് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകരായ സാമുവല്‍ ജെറോമിനും സിജു ജോസഫിനും ദിനേശന്‍ നന്ദി പറഞ്ഞു. ഒരുഘട്ടത്തില്‍ നാട്ടില്‍ എത്താനാകുമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ദിനേശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
‘ടൈല്‍സിന്‍റെ പണിയായിരുന്നു. ജോലി വളരെ കുറവായിരുന്നു. അവിടെ ചെന്നിറങ്ങിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. യുദ്ധം തുടങ്ങിയതോടെ എല്ലാം തകിടം മറിഞ്ഞു. ചെന്ന് എട്ടുമാസം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വഷളായി. ആഭ്യന്തര പ്രശ്നങ്ങളുള്ള നാടാണത്. എന്നാല്‍ ഇതൊന്നും വിദേശികളെ കാര്യമായി ബാധിക്കാറില്ല. ആ ധൈര്യത്തില്‍ കുറേ മലയാളികള്‍ അവിടെ നിന്നു. ഇന്ത്യക്കാരെ ഒരുപാട് ബഹുമാനിക്കുന്ന രാജ്യം കൂടിയാണ്.
ജോലിയില്ലായ്മ കൊണ്ടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പിന്നീട് അവിടുത്തെ ആളുകളെ പരിചയപ്പെട്ടു. നാട്ടില്‍ ദിവസക്കൂലിക്ക് പണിക്കുപോകുന്ന രീതിയില്‍ പണിയെടുത്തു. അത്യാവശ്യം ചെലവിനുള്ള കാശ് സംഘടിപ്പിച്ചു. നാട്ടിലേക്ക് അയയ്ക്കാന്‍ കാര്യമായി ഒന്നുമുണ്ടാകില്ല. ഭാര്യ ജോലിക്ക് പോകുന്നതുകൊണ്ട് കാര്യങ്ങള്‍ നടന്നുപോയി. ആദ്യമൊക്കെ വീട്ടിലേക്ക് സ്ഥിരമായി വിളിക്കുമായിരുന്നു. പതിയെ അതും കുറഞ്ഞു. നാട്ടിലേക്ക് എന്ന് വരുമെന്ന് ചോദിച്ചാല്‍ മറുപടിയില്ല, അതുകൊണ്ടാണ് വിളിപോലും ഒഴിവാക്കിയത്’. ദിനേശന്‍റെ മടങ്ങിവരവ് വലിയ സന്തോഷനിമിഷമെന്ന് കണ്ണുനിറഞ്ഞ് ഭാര്യയും മക്കളും മനോരമ ന്യൂസിനോട് പ്രതികരിച്ചു. മനോരമന്യൂസിന്‍റെ യൂട്യൂബ് ലൈവിലൂടെ ദിനേശന്‍ വീട്ടിലേക്കെത്തുന്നത് കണ്ടുകൊണ്ടായിരുന്നു പ്രതികരണം.