കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതിക്ക് തെളിവായി കത്തുകള്‍ പുറത്തുവിട്ട് പ്രതിപക്ഷനേതാവ്. 550 രൂപയ്ക്ക് കിറ്റ് നല്‍കാമെന്ന സ്വകാര്യ കമ്പനിയുടെ വാഗ്ദാനം അവഗണിച്ചാണ് മൂന്നിരിട്ടി വിലയ്ക്ക് കിറ്റ് വാങ്ങിയത്. കെ.കെ.ശൈലജയ്ക്കെതിരെ കേസെടുക്കണണെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് തയാറാക്കിയത് ബി.ജെ.പിയുടെ സി.എ.ജിയെന്ന് ആരോപിച്ച് പ്രതിരോധിക്കാനാണ് സി.പി.എം ശ്രമം.
യഥാര്‍ത്ഥ വിലയേക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതോടെ സര്‍ക്കാരിന് 10 കോടി 23 ലക്ഷം രൂപയുടെ ബാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ കൂടുതല്‍ തെളിവെന്ന നിലയില്‍ 550 രൂപക്ക് കിറ്റ് നല്‍കാമെന്ന് കാണിച്ച് അനിത ടെക്സ് ഓണ്‍ എന്ന കമ്പനി നല്‍കിയ കത്ത് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ഇത് മറികടന്നാണ് മൂന്നിരിട്ടി വിലയ്ക്ക് മറ്റൊരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്. ആ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കെന്ന് ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
നിയമസഭയിക്കുള്ളിലും വിഷയം ഉയര്‍ത്തിയെങ്കിലും കാര്യമായ പ്രതികരണത്തിന് ഭരണപക്ഷം തയാറായില്ല. പുറത്ത് പ്രതികരിച്ച മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ഗുണമേന്‍മയാണ് വില കൂടാന്‍ കാരണമെന്ന് ന്യായീകരിച്ചു. ക്രമക്കേട് സിഎജി ചൂണ്ടിക്കാട്ടുമ്പോഴും കോവിഡ് കൊള്ളയില്‍ അന്വേഷണത്തിന് ആലോചന പോലുമില്ല. കെ.കെ.ശൈലജയെ ഒന്നാം പ്രതിയാക്കി ലോകായുക്തയെടുത്ത കേസ് മാത്രമാണ് നിലവിലുള്ളത്. അത് പാതിവഴിയിലുമാണ്.