പാലക്കാട് ആനക്കരയിൽ മൊബൈൽ ഫോൺ വാങ്ങി വച്ചതിന് അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി അധ്യാപകനോട് മാപ്പ് പറഞ്ഞു. വിദ്യാർഥിയോട് ക്ഷമിക്കുമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. പി.ടി.എ യോഗത്തിലും വിദ്യാർഥി തനിക്ക് സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ഏറ്റുപറഞ്ഞു.
ഗുരുനാഥനോട് കയർക്കുന്ന വിദ്യാർഥി. തൻ്റെ മൊബൈൽ ഫോൺ തിരികെ കിട്ടിയില്ലെങ്കിൽ വകവരുത്തുമെന്നും ഭീഷണി. ആരെയും അമ്പരപ്പിക്കുന്ന മട്ടിൽ പ്രിൻസിപ്പലിൻ്റെ മുറിയിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വ്യത്യസ്ത തലങ്ങളിലേക്ക് മാറിയത്. വിഷയം ചർച്ച ചെയ്യുന്നതിനായി തൃത്താല പൊലീസ് സ്റ്റേഷനിലെത്തിയ സമയത്താണ് വിദ്യാർഥി അധ്യാപകനോട് മാപ്പ് പറഞ്ഞത്. ഏത് പ്രതിസന്ധിയിലും കുട്ടിയെ ചേർത്ത് പിടിക്കാൻ ശീലിച്ചവരാണ് അധ്യാപകരെന്ന വിശേഷണം ഇവിടെയും യാഥാർഥ്യമായി. ഒറ്റപ്പെടുത്തില്ലെന്നും ക്ഷമിച്ചെന്നും പ്രിൻസിപ്പൽ.
കുട്ടിയുടെ സ്വഭാവ രീതി ബോധ്യപ്പെടുത്താൻ രക്ഷിതാവിന് അയച്ച ദൃശ്യങ്ങൾ അധ്യാപകർ പ്രചരിപ്പിച്ചിട്ടില്ല. കുട്ടിയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും കൗൺസിലിങ് നൽകി ക്ലാസിൽ പ്രവേശിപ്പിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. അധ്യാപകനോട് കയര്‍ക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.