revathy-k-babu-1

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണ ശാലയ്ക്ക് നൽകിയ അനുമതി സർക്കാർ പിൻവലിക്കാൻ വൈകിയാൽ കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി. നിരവധി സാധാരണക്കാരെയും കർഷകരെയും ബാധിക്കുന്ന വിഷയത്തിൽ ഒട്ടും പിന്നോട്ടില്ലെന്നും എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രേവതി കെ. ബാബു മനോരമ ന്യൂസിനോട്. കമ്പനിക്ക് വെള്ളം നൽകില്ലെന്ന് ജല അതോറിറ്റി കൂടി വ്യക്തമാക്കിയ സാഹചര്യത്തിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ.

 

കോളജിനെന്ന് തെറ്റിദ്ധരിപ്പിച്ച് മദ്യനിർമാണ ശാലയ്ക്കായി സ്ഥലം വാങ്ങി. സർക്കാരിൽ നിന്നും അനുമതി കിട്ടും വരെ രഹസ്യ സ്വഭാവം സൂക്ഷിച്ചു. ജല അതോറിറ്റി വേണ്ടത്ര വെള്ളം നൽകുമെന്നുള്ള ഒയാസിസ് കമ്പനിയുടെ വാദവും പൊളിഞ്ഞു. ഒടുവിൽ കരുതിയ വേഗതയിൽ പദ്ധതിയുടെ തുടർ നടപടിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് സർക്കാരിനും സ്വകാര്യ കമ്പനിക്കും ഒരുപോലെ ബോധ്യപ്പെട്ടു. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതി വേണ്ടേ വേണ്ടയെന്ന് പഞ്ചായത്ത് ഭരണസമിതിയും ഉറച്ച ശബ്ദത്തിൽ സർക്കാരിനെ അറിയിച്ചു. തീരുമാനം വൈകിയാൽ നീതിപീഠമല്ലാതെ മറ്റ് വഴികളില്ലെന്ന് പഞ്ചായത്ത് അധ്യക്ഷ രേവതി.കെ.ബാബു പറഞ്ഞു.

സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ എലപ്പുള്ളിയിലും ജല അതോറിറ്റി ഓഫിസിലും ഉൾപ്പെടെ സമരം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അനിശ്ചിതകാല സമരമെന്ന മുന്നറിയിപ്പുമുണ്ട്. പ്ലാച്ചിമടയിലെ ജലചൂഷണത്തിന് കോള കമ്പനി കാരണമായതിന് സമാനമായി എലപ്പുള്ളി മറ്റൊരു പ്ലാച്ചിമടയാവാന്‍ അനുവദിക്കില്ലെന്നാണ് കർഷക സംഘടനകളുടെയും നിലപാട്.

ENGLISH SUMMARY:

The Panchayat Board of Elappully has threatened to approach the court if the government delays revoking permission for a liquor manufacturing plant. Elappully Panchayat President, Revathi K. Babu, emphasized that the issue affects many common people and farmers, and the Panchayat will not back down. The water authority has clarified that it will not provide water to the company, leading local residents to hope that the government will withdraw from the project. Various political parties, excluding the CPM, have intensified protests, and farmers' organizations are determined to prevent the area from becoming another water-scarce region like Plachimada.