വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് യമനിൽ നിന്ന് എത്തിയ ദിനേശൻ. നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ഫയലുകൾ കൃത്യമായി തയ്യാറാക്കുന്നുണ്ട് . നിമിഷയുടെ അമ്മയെ കണ്ടിരുന്നുവെന്നും ദിനേശൻ മനോരമ ന്യൂസിനോട് പറഞ്ഞു.
പത്തുവർഷത്തിലധികം യെമനിൽ കുടുങ്ങിക്കിടന്ന തൃശൂർ എടക്കളം സ്വദേശി കെ.കെ.ദിനേശൻ ഇന്നലെയാണ് നാട്ടിലെത്തിയത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സമുവേൽ ജെറോം തന്നെയായിരുന്നു ദിനേശനും തുണയായത്. യെമനിലെ മലയാളികൾക്കിടയിൽ നിമിഷ പ്രിയയുടെ മോചനം വലിയ ചർച്ചയാണെന്ന് ദിനേശൻ മനോരമ ന്യൂസിനോട് പറഞ്ഞു. നിമിഷ മോചിതയാകാനുള്ള സാധ്യതയാണ് ദിനേശൻ പങ്കുവെച്ചത്
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമനിൽ വച്ച് കണ്ടിരുന്നുവെന്നും, പ്രതീക്ഷയിലാണ് അവരെന്നും ദിനേശൻ കൂട്ടിച്ചേര്‍ത്തു. ഏറെ അനിശ്ചിതത്വത്തിന് ശേഷമാണ് ദിനേശന്‍റെ ജന്മനാട്ടിലേക്കുള്ള മടങ്ങിവരവ് സാധ്യമായത്. ഇതുപോലെ നിമിഷപ്രിയയും ഒരുനാൾ ഇവിടേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.