ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ ആക്രമിക്കപ്പെട്ട് ചികില്‍സയിലുള്ള ജിതിൻ ജീവനോടെ രക്ഷപെട്ടതിൽ നിരാശയെന്ന് പ്രതി ഋതു ജയൻ. ജിതിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. തലയ്ക്ക് അടിച്ചതിന് പുറമെ കത്തി കൊണ്ട് കുത്തിയത് മരണം ഉറപ്പിക്കാനാണെന്നും ഋതു പോലീസിനോട് പറഞ്ഞു. കുടുംബത്തിലെ എല്ലാവരുടെയും മരണം ഉറപ്പിക്കുന്നതിനായി ആവർത്തിച്ച് തലയിൽ അടിച്ചുവെന്നും കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഋതു മൊഴി നൽകി. പോലീസ് കസ്റ്റഡിയിൽ ഉള്ള ഋതുവിനെ ഇന്ന് കൂട്ടക്കൊല നടന്നചേന്ദമംഗലത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും.
സഹോദരിയോട് ജിതിന്‍ മോശമായി പെരുമാറിയെന്നും ഇതിന് പകരം ചോദിച്ചതാണ് ആക്രമണമെന്നും ഋതു പൊലീസിന് ആദ്യം മൊഴി നല്‍കിയിരുന്നു. തടുക്കാന്‍ വന്നവരെയെല്ലാം തീര്‍ത്തുവെന്നും പ്രതി ആവര്‍ത്തിച്ചു. ജനുവരി 16നാണ് ചേന്ദമംഗലം കിഴക്കുംപുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ഋതു ക്രൂരമായി വകവരുത്തിയത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി ആക്രമണത്തിന് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വേണുവിന്‍റെ മരുമകനാണ് പരുക്കേറ്റ് ചികില്‍സയിലുള്ള ജിതിന്‍.
കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നു. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇരുമ്പ് വടിമായി ഇവരുടെ വീട്ടിലെത്തിയത്. ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ വിനീഷ ഫോണില്‍ വിഡിയോ എടുത്തു. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ഫോൺ ഇയാൾ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.
ജിതിന്‍റെ പേര് അലറി വിളിച്ചാണ് ഋതു വീട്ടിലേക്ക് കയറിയത്. ബഹളം കേട്ട് സ്വീകരണ മുറിയിലേക്ക് ആദ്യം വന്ന വിനീഷയുടെ തലയിൽ സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് ആഞ്ഞടിച്ചു. പിന്നാലെ വന്ന ജിതിനെയും ആക്രമിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ചു. ആക്രമണം തടയാനെത്തിയ ജിതിന്റെ അച്ഛന്റെയും അമ്മയുടെയും തലയിൽ അടിച്ചു പരുക്കേല്പിച്ചു. വിനീഷയുടെ തലയിൽ എട്ട് സെന്റീമീറ്റർ നീളത്തിൽ മുറിവുണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു.