സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പ്രതിഷേധിച്ചതിന് മാര്‍ബേസില്‍, നാവാമുകുന്ദ സ്കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കൊച്ചിയില്‍ നടന്ന കായികമേളയിലായിരുന്നു ഇരു സ്കൂളുകളുടെയും പ്രതിഷേധം. തെറ്റിദ്ധാരണമൂലമാണ് പ്രതിഷേധം ഉണ്ടായതെന്നു ഇനി ആവര്‍ത്തിക്കില്ലെന്നും സ്കൂളുകള്‍ പ്രതികരിച്ചു.
കായികമേളയില്‍ രണ്ടാംസ്ഥാനം തിരുവനന്തപുരം ജി.വി.രാജ സ്കൂളിന് നല്‍കിയതോടെയാണ് തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളും പ്രതിഷേധം ഉയര്‍ത്തിയത്. ഇതോടെ സമാപനചടങ്ങ് അലങ്കോലമാക്കി, കായികമേളയ്ക്ക് കളങ്കമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇരുസ്കൂളുകളെയും വിലക്കി. എന്നാല്‍ കുട്ടികള്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. കുട്ടികളുടെ പ്രതിഷേധത്തിന് അധ്യാപകര്‍ക്ക് പങ്കുണ്ടോയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. അതേസമയം വിലക്ക് പിന്‍വലിച്ചതില്‍ സന്തോഷമെന്ന് മാര്‍ബേസില്‍ സ്കൂള്‍ പ്രതികരിച്ചു.