b-unnikrishnan-sandra

നിര്‍മാതാവ് സാന്ദ്ര തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍. സാന്ദ്രയുടെ മാനസികാവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തെറ്റിദ്ധാരണമൂലമാണ് തനിക്കെതിരെ പറയുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചേംബറിന്‍റെ മീറ്റിങില്‍ സാന്ദ്ര പങ്കെടുത്തിട്ടില്ല. താന്‍ പോയ ശേഷമാണ് അവര്‍ വന്നതെന്നും തനിക്കെതിരെ റജിസ്റ്റര്‍ ചെയ്തുവെന്ന് പറയുന്ന കേസിന്‍റെ വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

പൊതുമധ്യത്തില്‍ അപമാനിച്ചുവെന്നുള്ള സാന്ദ്ര തോമസിന്‍റെ പരാതിയിലാണ് ബി. ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. നിര്‍മാതാവ് ആന്‍റോ ജോസഫ് കേസില്‍ രണ്ടാം പ്രതിയാണ്. ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയതിനാല്‍ സിനിമയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്ര ആരോപിച്ചിരുന്നു. 

'തൊഴിലിടത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക, അതിനെതിരെ പ്രതികരിക്കുമ്പോള്‍ പുറത്താക്കപ്പെടുക, പുറത്താക്കിക്കഴിയുമ്പോള്‍ പിന്നെ കേസ്, കോടതി ഇങ്ങനെ മുന്നോട്ട് പോകേണ്ടി വരിക എന്നതൊക്കെ മാനസികമായി അത്ര സുഖമുള്ള കാര്യമല്ലെ'ന്ന് സാന്ദ്ര തോമസ് മനോരമന്യൂസിനോട് പറഞ്ഞു. സംഘടിതരായി നിന്ന് ആക്രമിക്കുമ്പോള്‍ അതിനെ ചെറുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് താനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതികരിക്കാന്‍ കഴിയാതെ നിശബ്ദരാക്കപ്പെട്ട സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് തന്‍റെ പ്രതികരണമെന്നും സാന്ദ്ര പറഞ്ഞു. 'ഇനി സിനിമ ചെയ്യേണ്ടേ?' എന്നാണ് സിനിമ ഫീല്‍ഡില്‍ നിന്നുള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ ചോദിക്കുന്നത്. ഈ കാലഘട്ടത്തില്‍ അങ്ങനെ സാധ്യമാവില്ല, നീതി ലഭിക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. ഉപജീവനമാര്‍ഗം നിലയ്ക്കുമോയെന്ന ഭീതിയില്‍ പീഡനം സഹിക്കുന്നവരുണ്ടെന്നും പതിറ്റാണ്ടോളം ഇത് സഹിച്ച് ഗതികെട്ടിട്ടാണ് ഒടുവില്‍ പരാതി നല്‍കേണ്ടി വന്നതെന്നും സാന്ദ്ര വിശദീകരിച്ചു. 

ENGLISH SUMMARY:

Director B. Unnikrishnan denies the allegations made by producer Sandra Thomas, calling them baseless and based on misunderstanding. He responds to claims regarding the Chamber meeting and the case filed against him.