പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ അഴിക്കുള്ളിലാണ്. കൊലപാതകവും വിചാരണയും ശിക്ഷാവിധിയും കഴിഞ്ഞ ദിവസങ്ങളേറെയായിട്ടും കേസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് ഷാരോണിന് മുന്‍പ് ഗ്രീഷ്മയെ പ്രണയിച്ചിരുന്ന യുവാവിന്‍റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. നടന്നതൊന്നും ഒട്ടും പ്രതീക്ഷിച്ചതല്ല എന്നാണ് രണ്ടുവര്‍ഷം മുന്‍പ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവാവ് പറയുന്നത്. 

അഭിമുഖത്തിലെ വാക്കുകള്‍ ഇങ്ങനെ: ‘ഒരിക്കലും  ചെയ്യാന്‍ പാടില്ലാത്തതാണ് ഗ്രീഷ്മ ചെയ്തത്. എനിക്ക് അച്ഛനില്ല, ഞാന്‍ വേണം വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍. എന്‍ജിനീയറിങ് കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ഗ്രീഷ്മയെ കാണുന്നത്. അമ്പലത്തില്‍ പോകുമ്പോഴും മറ്റും ഇടയ്ക്ക് കാണും. അവള്‍ എന്നെ നോക്കി ചിരിക്കും. എനിക്ക് അവളെ ഇഷ്ടമായിരുന്നു. അവള്‍ മറ്റുചിലരോട് എന്നെ ഇഷ്ടമാണെന്ന് പറയുകയായിരുന്നു.’

‘യുപിഎസ്‌സി അക്കാദമിയില്‍ ഗ്രീഷ്മ കോച്ചിങ്ങിന് പോകുന്നുണ്ടായിരുന്നു. അപ്പോള്‍ അവളെ ബൈക്കില്‍ കയറ്റി കൊണ്ടുപോയിട്ടുണ്ട്. ഇക്കാര്യം അവളുടെ വീട്ടില്‍ അറിഞ്ഞു. അതിനു ശേഷം ഒരിക്കല്‍ മനഃപൂര്‍വം അവള്‍ സ്കൂട്ടര്‍ ഓടിച്ചുവീണു. ആ അപകടത്തില്‍ അവളുടെ പല്ല് പൊട്ടി. കോളജിലെ സുഹൃത്തിന്‍റെ ബൈക്കില്‍ കയറി ഗ്രീഷ്മ ഒരു കല്യാണത്തിന് പോയി. ഞാന്‍ വിളിച്ചെങ്കിലും കൂടെ വന്നില്ല. ഞാന്‍ ബൈക്കുമായി വന്നശേഷം എന്നെ തിരിച്ചുവിളിച്ചു. അപ്പോള്‍ നല്ല ദേഷ്യം വന്നു. എന്നെ അവള്‍ വഞ്ചിച്ചെന്ന് തോന്നി. അതിനു ശേഷം ഗ്രീഷ്മയുടെ അമ്മ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. ആ ദേഷ്യത്തില്‍ സ്കൂട്ടറുമായി ഇറങ്ങിയപ്പോഴാണ് അവള്‍ വീണത്. ചതിച്ചെന്ന് തോന്നിയെങ്കിലും ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നാലെ വീട്ടിലും കൊണ്ടാക്കി.’ – യുവാവ് പറഞ്ഞു.

‘ഈ സംഭവത്തോടെ മാനസികമായി ഞാന്‍ തളര്‍ന്നു. ഇനി കൂട്ടുകാരായിരിക്കാം എന്ന് ഗ്രീഷ്മ പറഞ്ഞു. പക്ഷേ എനിക്കതിന് കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. അതോടെ എന്നെ ബ്ലോക്ക് ചെയ്തു. പിന്നീട് ഗ്രീഷ്മയുടെ അച്ഛന്‍ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ അയച്ചിട്ടും അച്ഛന് കുലുക്കമില്ലായിരുന്നു. ഞാന്‍ ഇതിനപ്പുറം കണ്ടിട്ടുണ്ടെന്നായിരുന്നു പ്രതികരണം.’ പക്ഷേ ഞാന്‍ അതിനപ്പുറം കണ്ടിട്ടില്ല, ഞാനൊരു സാധാരണക്കാരനല്ലേ എന്നും യുവാവ് ചോദിക്കുന്നു. ‘ശരിക്കും ഇതൊക്കെ അറിയുമ്പോള്‍ അവളുടെ വീട്ടുകാര്‍ എന്നെ തല്ലുമെന്നാണ് കരുതിയത്. അതൊന്നുമുണ്ടായില്ല. ചിലപ്പോള്‍ ഗ്രീഷ്മ ഇതിലും വലുത് കാണിച്ചത് വീട്ടുകാര്‍ക്ക് അറിയാമായിരിക്കും. ഗ്രീഷ്മയുടെ അമ്മയും ഇനി അവളെ വിളിക്കരുതെന്ന് മാത്രം പറഞ്ഞു. അതിനുശേഷം ഗ്രീഷ്മ എന്നെ വിളിച്ചില്ല, എന്‍റെ ചോദ്യങ്ങള്‍ക്ക് അവള്‍ക്ക് ഉത്തരമില്ലായിരുന്നു.’

‘ഞങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല. ഒന്നിച്ച് ബൈക്കില്‍ പോയിട്ടുണ്ട്, അത്രമാത്രം. ഇതൊക്കെ കേള്‍ക്കുന്ന എന്‍റെ അമ്മയ്ക്ക് നല്ല വിഷമമുണ്ട്. എന്തായാലും ഷാരോണിന്‍റെ അവസ്ഥ എനിക്ക് ഉണ്ടാകുമായിരുന്നുവെന്ന് തോന്നുന്നില്ല. അവളുടെ പ്രവൃത്തികളില്‍ എനിക്ക് സംശയമുണ്ടായിരുന്നു. അവള്‍ ഒന്നും തുറന്നുപറയില്ല. പക്ഷേ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല.’

‘ഗ്രീഷ്മയെപ്പറ്റി കോളജില്‍ അന്വേഷിച്ചപ്പോള്‍ അവള് വേറെ ‘ലെവലാ’ണ് എന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. വല്ല ഐഎഎസ്സോ ഐപിഎസ്സോ ആകുമെന്നാണ് കരുതിയത്. കൂട്ടിലിട്ട് വളര്‍ത്തുംപോലെയാണ് വീട്ടുകാര്‍ അവളെ വളര്‍ത്തിയത്. ഇതൊക്കെ എന്നെ ചതിച്ചതിന് അവള്‍ക്ക് കിട്ടിയ ശിക്ഷയാണെന്ന് തോന്നിയിട്ടില്ല. അവള്‍ നന്നായിരിക്കണം എന്നാണ് ആഗ്രഹിച്ചത്. എനിക്ക് ജോലിയില്ല. വിവാഹം കഴിക്കാന്‍ നിശ്ചയിച്ച സൈനികനെ കല്യാണം കഴിച്ച് നന്നായിരിക്കട്ടെ എന്നോര്‍ത്തു.’ ഷാരോണിന്‍റെ കാര്യം വലിയ വിഷമമുണ്ടാക്കിയെന്നും യുവാവ് പറയുന്നു.

ENGLISH SUMMARY:

In the Parassala Sharon murder case, the first accused, Greeshma, has been sentenced to death and is currently behind bars. Despite the time that has passed since the murder, public discussions surrounding the case show no signs of waning. Meanwhile, the words of a young man who was in a relationship with Greeshma before Sharon are going viral on social media. The young man stated that none of what happened was ever anticipated.