പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. ജയിലിലെത്തി മൂന്നാംദിനമാണിന്ന് ഗ്രീഷ്മയ്ക്ക്. ഷാരോണിന് സ്ലോ പോയിസന്‍ നല്‍കിയപ്പോഴും ഒടുവില്‍ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊടുത്തപ്പോഴും കേസില്‍പ്പെട്ട് വിചാരണ നടക്കുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും ദുഖമോ പശ്ചാത്താപമോ വന്നിട്ടില്ല. ഒടുവില്‍ തലയ്ക്കു മുകളില്‍ തൂക്കുകയര്‍ എന്ന ശിക്ഷാവിധി കേട്ടപ്പോഴും ഗ്രീഷ്മ കുലുങ്ങിയില്ല. അതേ മനോനിലയില്‍ തന്നെയാണ് ജയിലിലും ഗ്രീഷ്മ.
ഇന്നലെ ഗ്രീഷ്മയെ കാണാനായി അച്ഛനും അമ്മയും ജയിലിലെത്തി. മകളുടെ ദുര്‍വിധികണ്ട് പലതവണ വിതുമ്പിക്കരഞ്ഞു, പക്ഷേ ഗ്രീഷ്മയ്ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. മറ്റു പ്രതികളെപ്പോലെയല്ല ഗ്രീഷ്മയെന്ന് ജയില്‍ ഉദ്യോഗസ്ഥരും പറയുന്നു. ആ കുട്ടി ഭയങ്കര ബോള്‍ഡാണെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തല്‍. ഈ തൂക്കുകയര്‍ തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. ആ നിലപാട് പലരോടും പങ്കുവച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പലരോടും പങ്കുവച്ചത്രേ. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ലഭിച്ചിട്ടില്ല. അഞ്ചുപേരുള്ള സെല്ലിലാണ് ഗ്രീഷ്മയെയും പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നുപേര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഒരാള്‍ പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളുമാണ്.
ജയിലും ചുറ്റുപാടും ഗ്രീഷ്മയ്ക്ക് പരിചിതമാണ്. അറസ്റ്റ് കഴിഞ്ഞ് 11 മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അപരിചിതത്വം അനുഭവപ്പെടുന്ന സാഹചര്യവും ഗ്രീഷ്മയ്ക്കില്ല. അന്നും ചിത്രംവരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.