ഈ മാസം 27 മുതലുള്ള അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നു ആവര്‍ത്തിച്ച് റേഷന്‍ വ്യാപാരികള്‍. ധനമന്ത്രിയും, ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതിയില്‍ വേതന പാക്കേജ് ചര്‍ച്ചയ്ക്കെടുക്കാനാവില്ലെന്നാണ് ധനമന്ത്രി യോഗത്തില്‍ നിലപാടെടുത്തത്. സമരത്തില്‍ നിന്നു പിന്‍മാറണമെന്നു ഇരു മന്ത്രിമാരും വ്യാപാരികളോടു അഭ്യര്‍ഥിച്ചു. എന്നാല്‍ ഒരു മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ ധനമന്ത്രി അഞ്ചുമിനിട് മാത്രമാണ് പങ്കെടുത്തതെന്നു വ്യാപാരികള്‍ കുറ്റപ്പെടുത്തി. വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇപ്പോള്‍ നല്‍കുന്ന 18000 രൂപ വേതനം 30000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.