സര്‍വകലാശാലകളില്‍ ഇനി ഭീമന്‍ ഭരണ സമിതികളുണ്ടാകില്ല. സെനറ്റിനെ ജംബോ കമ്മറ്റിയാക്കേണ്ടന്ന് വ്യവസ്ഥ ചെയ്യുന്ന കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഉപകേന്ദ്രങ്ങള്‍ വിദേശത്തു തുടങ്ങണമെന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഒഴിവാക്കി. ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. 

സിന്‍‌ഡിക്കേറ്റില്‍ ഇനിമുതല്‍ 19 അംഗങ്ങള്‍മതി എന്നാണ് കരടു ബില്ലുപറയുന്നത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രാതിനിധ്യം ഉണ്ടാകും, എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വീതം വെപ്പ് കുറയുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സിന്‍ഡിക്കേറ്റുകള്‍ അക്കാദമിക സ്വഭാവമുള്ളതാക്കും എന്നാണ് അവകാശവാദം. സിന്‍ഡിക്കേറ്റിന് വിപുലമായ അധികരങ്ങളും ബില്ല് ശുപാര്‍ശചെയ്യുന്നു.  നാലുവര്‍ഷബിരുദത്തിന് നിയമ സാധുത നല്‍കുക, സിലബസ് പരിഷ്ക്കരണം സാധ്മായാക്കുക എനന്ിവയും പുതിയ നിയമം കൊണ്ട് സാധ്യമാകും.  സെനറ്റിന്‍റെ  ഘടന മാറ്റാനും  ഗവര്‍ണരുടെ നോമിനികളുടെ എണ്ണം കുറക്കാനും നിര്‍ദേശമുണ്ടായിരുന്നു. പുതിയ  ഗവര്‍ണരുമായി ഉടന്‍ കൊമ്പുകോര്‍ക്കാന്‍പോകണ്ട എന്നതീരുമാനത്തെ തുടര്‍ന്ന് അത് ഒഴിവാക്കി.  കേരളത്തിലെ സർവകലാശാലകൾക്ക് വിദേശ രാജ്യങ്ങളില്‍  ഉപ കേന്ദ്രങ്ങള്‍  തുടങ്ങണമെന്നും കരട് ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ  പഠനം കേരളത്തില്‍ എന്ന സര്‍ക്കാര്‍നയത്തിന് ഇത് എതിരാണെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന്    ബില്ലിൽ നിന്ന് ഇത്  ഒഴിവാക്കുകയായിരുന്നു. യുജിസി ചട്ടങ്ങളുടെ ചുവടു പിടിച്ചായതിനാല്‍ ബില്ലിന് ഗവര്‍ണരുടെ അംഗീകാരം കിട്ടുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. 

ENGLISH SUMMARY:

The cabinet has approved the draft bill that stipulates the Senate should not be turned into a jumbo committee.