വയനാട് പഞ്ചാരകൊല്ലിയിൽ ആദിവാസി യുവതിയെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വ്യാപക തിരച്ചിലിന് വനം വകുപ്പ്. തെർമൽ ഡ്രോണുകളുടെ സഹായത്താൽ കടുവയെ കണ്ടെത്തുകയാണ് പ്രധാന ദൗത്യം. ഇതിനു ശേഷം മയക്കുവെടി വയ്ക്കുകയാണ് ലക്ഷ്യം. കടുവ കാടു കയറിയിട്ടില്ലെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്. വെറ്റിറിനറി സർജൻ അരുൺ സക്കറിയയും ഇന്ന് ദൗത്യത്തിനൊപ്പം ചേരും. നിലവിൽ 7 സംഘങ്ങളായി തിരിഞ്ഞാണ് കടുവയ്ക്കായുള്ള തിരച്ചിൽ. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവും ഇന്നലെ ഇറക്കിയിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ പ്രദേശത്ത് കടുവയെ വീണ്ടും കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ സ്ഥലത്തേക്ക് കൂടുകള്‍ കൊണ്ടുവന്നു. പട്രോളിങും ശക്തമാക്കി. കടുവ ഭീതിയെ തുടര്‍ന്ന് മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ നിരോധനാജ്‍ഞ ഏര്‍പ്പെടുത്തി. തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് ഇന്നലെ രാവിലെ വനംവകുപ്പ് വാച്ചറുടെ ഭാര്യയായ രാധയെ കടുവ ആക്രമിച്ച് കൊന്നത്.