വയനാട്ടിലെ നരഭോജിക്കടുവ വനംവകുപ്പിന്റെ പരിധിയിലെന്ന് ബേഗൂര്‍ റേഞ്ച് ഓഫിസര്‍ എസ്.രഞ്ജിത് കുമാര്‍. രാധയെ കൊന്ന പരിസരത്തുതന്നെ കടുവയുടെ സാന്നിധ്യമുണ്ട്. പട്രോളിങ്ങിനായി കൂടുതല്‍ ആര്‍.ആര്‍. ടീം എത്തും. 38 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലൈവ് സ്ട്രീം ക്യാമറകള്‍ ഇന്ന് സ്ഥാപിക്കും. കുങ്കിയാനകളെയും എത്തിക്കും. കടുവയെ നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിര്‍ത്താനാണ് ശ്രമമെന്നും ബേഗൂര്‍ റേഞ്ച് ഓഫിസര്‍ അറിയിച്ചു.
വയനാട്ടിലെ നരഭോജിക്കടുവയെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നൂറിലധികം വനം ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചു. കേന്ദ്ര വനം വന്യജീവി സംരക്ഷണനിയമത്തില്‍ കാതലായ മാറ്റം വേണം. സംസ്ഥാനത്തിന് മാത്രം ഒന്നും ചെയ്യാന്‍ കഴിയില്ല. വയനാട്ടില്‍ നാളെ ഉന്നതതലയോഗം ചേരും വനം മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കും.
അതേസമയം, കൊല്ലപ്പെട്ട രാധയുടെ സംസ്കാരം 11.30ന് നടക്കും. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അതേ സമയം കടുവാ ആക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ പരിധിയിൽ യുഡിഎഫ്, എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകീട്ട് 6 വരേയാണ് ഹർത്താൽ. വയനാട് വൈത്തിരിയിലും കടുവയെ കണ്ടതായുള്ള സംശയം ആശങ്കയുണ്ടാക്കി