പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്ക്കായി വ്യഗ്രത കൂട്ടുന്ന സര്‍ക്കാര്‍ പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിയുടെ വികസനം വിസ്മരിക്കുന്നുവെന്ന് വിമര്‍ശനം. മലബാര്‍ ബ്രാന്‍ഡ് മദ്യം വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് കോടികള്‍ അനുവദിച്ചെങ്കിലും പ്രേതാലയത്തിന് സമാനമായി കാടൂമൂടിയിരിക്കുകയാണ് നൂറേക്കറിലധികം വരുന്ന സ്ഥലവും കെട്ടിടവും. സ്വകാര്യ കമ്പനിയെ പച്ചപ്പരവതാനി വിരിച്ച് സര്‍ക്കാര്‍ ക്ഷണിക്കുന്ന അതേ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ് ക്ഷയിച്ച് ജീര്‍ണാവസ്ഥയിലായ പാലക്കാട് മേനോന്‍പാറ മലബാര്‍ ഡിസ്റ്റിലറീസ്.
ഭൂമിയേറ്റെടുക്കേണ്ടതില്ല. ബഹുനില കെട്ടിടങ്ങളും വേണ്ട. ഒരുകാലത്ത് പ്രതാപം തീര്‍ത്ത് പിന്നീട് ക്ഷയിച്ച സ്ഥാപനത്തിലെ നിര്‍മിതികള്‍ നവീകരിച്ച് ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചാല്‍ മികച്ച സൗകര്യങ്ങളായി. ഘട്ടങ്ങള്‍ എത്രയെടുത്താലും സ്പിരിറ്റോ, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമോ, അതല്ലെങ്കില്‍ മലബാര്‍ ബ്രാന്‍ഡിയോ വിപണിയിലെത്തിക്കാം. പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ കുടിവെള്ളം മുട്ടുമെന്ന് നിരവധി കുടുംബങ്ങള്‍ ആശങ്കപ്പെടുന്ന അതേ എലപ്പുള്ളി പഞ്ചായത്തിലെ ഒരുഭാഗം ഉള്‍പ്പെടുന്ന മേനോന്‍പാറയിലെ മലബാര്‍ ഡിസ്ലലറീസ്. നൂറേക്കറിലധികം വരുന്ന ഭൂമിയില്‍ ഇപ്പോഴും മിനുക്കിയെടുത്താല്‍ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താം.
മലബാര്‍ ബ്രാന്‍ഡ് മദ്യവില്‍പന ലക്ഷ്യമിട്ട് നവീകരണത്തിനായി രണ്ടായിരത്തി ഇരുപത്തി രണ്ടില്‍ ബവ്റിജസ് കോര്‍പ്പറേഷന്‍ ഇരുപത്തി അഞ്ച് കോടി അനുവദിച്ചു. ഇത് ജലവിതരണത്തിനായി പണം അടച്ചെങ്കിലും വാട്ടര്‍ അതോറിറ്റി പൈപ്പിട്ടതല്ലാതെ ജലവിതരണത്തിന് തീരുമാനമെടുത്തിട്ടില്ല. സ്വന്തം കുട്ടിക്ക് കുപ്പായം തുന്നാതെ ആരാന്‍റെ കുട്ടിക്ക് കുപ്പായമിടാനാണ് എക്സൈസ് മന്ത്രി ശ്രമിക്കുന്നതെന്നും ആക്ഷേപം. കേരളത്തിന് വേണ്ടത്ര സ്പിരിറ്റ് നിര്‍മിക്കുകയാണ് ലക്ഷ്യമെങ്കില്‍ മേനോന്‍പാറയിലെ സൗകര്യം വിപുലപ്പെടുത്താം. ബവ്റിജസ് കോര്‍പ്പറേഷന്‍റെ ഗോഡൗണായി മാത്രം പ്രവര്‍ത്തിക്കുന്നതെന്ന പരിമിതി മറികടന്ന് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാം. എലപ്പുള്ളിയിലെ കര്‍ഷകര്‍ക്കും, സാധാരണക്കാര്‍ക്കും കുടിവെള്ളം മുട്ടുമെന്നുള്ള ആശങ്കയും മറികടക്കാം.