പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല തുടങ്ങുന്നതിലെ ആശങ്ക പഠിക്കാന്‍ ശാസ്ത്രവേദി. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തെത്തി വിദഗ്ധസംഘം അടിസ്ഥാനപ്രശ്നങ്ങളും നാട്ടുകാരുടെ പരാതികളും രേഖപ്പെടുത്തിത്തുടങ്ങി. പ്ലാച്ചിമടയിലെ കോള കമ്പനിയുടേത് ഉള്‍പ്പെടെയുള്ള ജലചൂഷണം പഠനത്തിലൂടെ തിരിച്ചറിഞ്ഞവരാണ് സംഘത്തിലുള്ളത്.
കുടിവെള്ളലഭ്യത, കിണറുകളിലെ ജലസാന്നിധ്യം, നീരുറവകളിലേക്കുള്ള ജലമൊഴുക്ക്, കൃഷി ഉപജീവനമാക്കിയ കര്‍ഷകരുടെ ആശങ്ക തുടങ്ങി വിപുലമായ പഠനമുണ്ടാവും. പദ്ധതി കാരണം നിരവധി കുടുംബങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വരുമെന്ന പ്രാഥമിക വിലയിരുത്തലില്‍ ആഴത്തില്‍ പരിശോധനയുണ്ടാവും. പരിസ്ഥിതി സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന പദ്ധതിയാണോ എന്നത് ആദ്യഘട്ട പഠനത്തിലൂടെ തന്നെ തിരിച്ചറിയാന്‍ കഴിയുമെന്ന് വിദഗ്ധര്‍. പ്ലാച്ചിമടയിലെ കോള കമ്പനി തീര്‍ത്ത പ്രതിസന്ധി മുന്‍നിര്‍ത്തിയാവും വിശകലനം.
രണ്ടാഴ്ചയ്ക്കുള്ളില്‍ പഠനം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും റിപ്പോര്‍ട്ട് കൈമാറുന്നതിനൊപ്പം നിയമപരമായ വഴികള്‍ തേടുകയാണെങ്കില്‍ അതിലേയ്ക്കും പ്രയോജനപ്പെടുത്തും.