വയനാട് പഞ്ചാരക്കൊല്ലിയില്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കടുവയെ കൊന്നില്ലെങ്കില്‍ ഞങ്ങളെ കൊല്ലേണ്ടിവരുമെന്ന് പ്രതിഷേധക്കാര്‍ രോഷംകൊണ്ടു. കടുവയെ പിടികൂടാന്‍ വൈകുന്നതിലാണ് പ്രതിഷേധം. ഉത്തരവില്‍ വ്യക്തത വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടുവയെ വെടിവച്ച് കൊല്ലുമോ എന്ന് വ്യക്തമാക്കാന്‍ നാട്ടുകാര്‍ സിസിഎഫിനോട് ആവശ്യപ്പെട്ടു. ജീവനോടെ കടുവയെ കാടുകയറാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ നിലപാടെടുത്തു. വ്യക്തമായ മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഉപരോധിച്ചു. ഇനിയും കടുവ മനുഷ്യജീവനെടുക്കുന്നത് കാത്തു നില്‍ക്കുകയാണോ വനം വകുപ്പ് എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.
വയനാട്ടില്‍ രാധയെ കൊന്ന കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞെന്ന് സിസിഎഫ് കെ.എസ്.ദീപ പറഞ്ഞു. ഉച്ചയോട് കൂടി കൂട്ടില്‍ കയറ്റാനുള്ള പ്ലാന്‍ തയാറാക്കും. പട്രോളിങ്ങിനായി കൂടുതല്‍ ആര്‍.ആര്‍. ടീം എത്തും. 38 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലൈവ് സ്ട്രീം ക്യാമറകള്‍ ഇന്ന് സ്ഥാപിക്കും. കുങ്കിയാനകളെയും എത്തിക്കും.. കടുവയെ നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിര്‍ത്താനാണ് ശ്രമമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വയനാട് ചേകാടിയില്‍ ഇന്ന് രാവിലെ കടുവയെ കണ്ടെന്ന് നാട്ടുകാര്‍. വനപാതയോട് ചേര്‍ന്നുള്ള റോഡില്‍നിന്ന് കടുവ കാട്ടിലേക്ക് പോകുന്ന ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു
വയനാട്ടിലെ നരഭോജിക്കടുവയെ ഉടന്‍ പിടികൂടുമെന്ന് എ.കെ. ശശീന്ദ്രന്‍ മനോരമ ന്യൂസിനോട്. നൂറിലധികം വനം ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചു. കേന്ദ്ര വനം വന്യജീവി സംരക്ഷണനിയമത്തില്‍ കാതലായ മാറ്റം വേണം. സംസ്ഥാനത്തിന് മാത്രം ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വനം മന്ത്രി പറഞ്ഞു.
അതേസമയം, കടുവ ആക്രമിച്ച് കൊന്ന രാധയ്ക്ക് കണ്ണീരോടെ വിട ചൊല്ലി പഞ്ചാരക്കൊല്ലി. മന്ത്രി ഒ.ആര്‍.കേളുവും വനംവകുപ്പ് ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.