പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലിൽ കാണാതായ അഭിരാജിന്‍റേയും അനന്ദുനാഥിന്‍റേയും മരണവാര്‍ത്ത നാടിന് നോവാകുകയാണ്. കുട്ടികളെ കാണാതായി എന്നറിഞ്ഞ നിമിഷം മുതല്‍ അവര്‍ക്ക് ആപത്തൊന്നുമുണ്ടാകരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു നാട്. എന്നാല്‍ കനാലില്‍ നിന്ന് ജീവനറ്റ ദേഹങ്ങളാണ് പൊങ്ങിയത്.
നാൽക്കാലിക്കൽ എസ്.വി.ജി.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കേണ്ടിയിരുന്ന എസ്‌പിസി കേഡറ്റുകളായിരുന്നു. ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ മറ്റൊരാള്‍ രക്ഷിക്കാനായി ചാടിയതാണ്. ഇരുവരും ഒഴുക്കില്‍പെട്ട് മരിച്ചു.
ഇന്നലെ വൈകിട്ട് കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സന്ധ്യയായിട്ടും കുട്ടികള്‍ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കനാൽ കരയിൽ വസ്ത്രങ്ങൾ കണ്ടെത്തിയത്. വിദ്യാർഥികൾ വെള്ളത്തിലിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇന്നു രാവിലെ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് 200 മീറ്റർ അകലെ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.