shafi-profile

TOPICS COVERED

പേര് കേട്ടാൽതന്നെ ചിരിയോർമകളുള്ള ഒരുകൂട്ടം ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ഷാഫി. രാജസേനന്റെയും റാഫി മെക്കാർട്ടിന്റെയും അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ തുടക്കമിട്ട ഷാഫി എന്ന എം.എച്ച്. റഷീദ് 2001ൽ വൺമാൻ ഷോയെന്ന് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. 

 

2001ൽ തന്റെ സഹോദരനായ റാഫി, മെക്കാർട്ടിനൊപ്പം തിരക്കഥയെഴുതിയ വൺമാൻ ഷോയിലൂടെ വരവറിയിച്ച ഷാഫി നർമത്തിൽ പറഞ്ഞുവച്ചത് പതിനെട്ട് ചിത്രങ്ങൾ. സ്ളാപ്സ്റ്റിക് കോമഡിയുമായി 2002ൽ കല്യാണരാമനും 2003ൽ പുലിവാൽ കല്യാണവും ഹിറ്റായതിന് പിന്നാലെ അതേ ജോണറിലേക്ക് ആക്ഷനും കോർത്തിണക്കി 2005ൽ മമ്മൂട്ടിയിലൂടെ തൊമ്മനും മക്കളുമെന്ന അടുത്ത ഹിറ്റ് പിറന്നു. വിക്രമും അസിനും പശുപതിയും മണിവണ്ണനുമായി തൊമ്മനും മക്കളും മജ എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ തമിഴകത്തും ഷാഫി ഹിറ്റിലൂടെ വരവറിയിച്ചു. ലാഭക്കണക്കിലെ നേട്ടത്തിനപ്പുറം സിനിമയുടെ പ്രദർശനം നൂറുദിവസം കടന്നാൽ അന്തസ്സെന്ന് വിലയിരുത്തിയ കാലത്ത് മായാവിയിലൂടെ 2007ലെ ആദ്യ ഹിറ്റ് ഷാഫി സ്വന്തമാക്കി. ചോക്ളേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട് , ടു കൺട്രീസ് എന്നിങ്ങനെ ഹിറ്റുകൾ തുടർച്ചയായ കാലം.ഇതിനിടയിൽ വൻവിജയമായ മായാവിക്ക് ശേഷം ഹലോ- മായാവി എന്ന പേരിൽ മോഹൻലാലിനെയും മമ്മൂട്ടിയെയുംവച്ച് സിനിമ ആലോചിച്ചെങ്കിലും നടന്നില്ലെന്ന് ഷാഫി പിൽക്കാലത്ത് വെളിപ്പെടുത്തി. ഇതിനിടയിൽ സച്ചിക്കും നജീം കോയയ്ക്കുമൊപ്പം ഷെർലക് ടോംസിന് തിരക്കഥയൊരുക്കി സംവിധാനം ചെയ്തു. 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.

ENGLISH SUMMARY:

Shafi the director of super hit films profile