പത്തനംതിട്ട കിടങ്ങന്നൂരില്‍ ഇന്നലെ കനാലില്‍ കാണാതായ രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി.കാണാതായ സ്ഥലത്ത് നിന്ന് 400മീറ്റര്‍ താഴെനിന്നാണ് സ്കൂബാ സംഘം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല്‍ക്കാലിക്കല്‍ എസ്.വി.ജി.വി.സ്കൂളിലെ വിദ്യാര്‍ഥികളായ അഭിരാജ്,അനന്തു നാഥ് എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്നലെ അഞ്ച് മണിയോടെ മൂന്നുപേരും പമ്പ ഇറിഗേഷന്‍ കനാലില്‍ കുളിക്കാനിറങ്ങി.അഭിരാജ് ഒഴുക്കില്‍പ്പെട്ടത് കണ്ട് മറ്റ് രണ്ട് പേരും രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെ അനന്തുവും ഒഴുക്കില്‍പ്പെട്ടു. പേടിച്ചരണ്ട കൂട്ടുകാരന്‍ ഓടി രക്ഷപെട്ടു.
സന്ധ്യയായിട്ടും വീട്ടിലെത്താഞ്ഞതോടെ നടത്തിയ തിരച്ചിലില്‍കനാല്‍ തീരത്ത് നിന്ന് വസ്ത്രങ്ങള്‍ കണ്ടെത്തി.സമീപത്തെ വീട്ടിലെ സിസിടിവിയില്‍ മൂന്നുപേരും വെള്ളത്തിലിറങ്ങുന്ന ദൃശ്യങ്ങളും കണ്ടു.രാത്രി പന്ത്രണ്ട് വരെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല.ഇന്ന് രാവിലെ ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നുമുള്ള സ്കൂബാ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഒരാഴ്ച മുന്‍പാണ് കനാല്‍ വൃത്തിയാക്കി വെള്ളം തുറന്നു വിട്ടത്. ആഴവും വീതിയും കൂടുതല്‍ ഉള്ള കനാലാണ്. ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. നീന്തലറിയാത്തവര്‍ വെള്ളത്തില്‍ ഇറങ്ങിയതാണ് അപകടകാരണം. തിരച്ചിലിനായി കനാലിന്‍റെ ഷട്ടറുകള്‍ ഇന്നലെ രാത്രി തന്നെ അടച്ചിരുന്നു.