കൊച്ചി ജെയിൻ സർവകലാശാല ആതിഥേയരാകുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ന് തുടക്കം. കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വിസ്മയവും വിജ്ഞാനവും ഒത്തുചേരുന്ന ഉച്ചകോടിയിൽ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും ചർച്ചയാകും.
ഭാവി കേരളത്തെ അതിനൂതന സാങ്കേതിക വിദ്യയിലൂടെ അടയാളപ്പെടുത്തുന്നതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി തുടങ്ങി റോബോട്ടിക് എക്സ്പോ വരെ ഉച്ചകോടിയുടെ ഭാഗമായുണ്ട്. സമാനമായ നിരവധി ഉച്ചകോടികളുടെ വേദിയായി മാറാൻ കഴിയുന്നതിൽ അഭിമാനമെന്നും കേരളത്തിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മിറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, വ്യാവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും. വിദ്യാഭ്യാസം സംരംഭകത്വം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകളും നടക്കും.
സമ്പൂർണ ഡിജിറ്റലൈസ്ഡ് നാളെയുടെ നേർക്കാഴ്ച ആയിരിക്കും ഉച്ചകോടി.
പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎ ഓൺലൈനിൽ ഉച്ചകോടിക്ക് ആശംസകൾ നേർന്നു. ഹൈബി ഈഡൻ എംപി, ജയിൻ സർവകലാശാല ചാൻസലർ ഡോ.ചെൻരാജ് റോയ്ചന്ദ്, വൈസ് ചാൻസലർ രാജ് സിംഗ്, പ്രൊ വൈസ് ചാൻസലർ ജെ ലത, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ശാലിനി മേടപ്പള്ളി, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ എന്നിവർ പങ്കെടുത്തു.