വയനാട് കൂടുതൽ ഇടങ്ങളിൽ വന്യജീവി ആക്രമണം. കല്‍പ്പറ്റ പെരുന്തട്ടയില്‍ പശുക്കിടാവിനെ പുലി കൊന്നു. കോഴിക്കോട് കക്കയത്ത് വിനോദസഞ്ചാര മേഖലയിൽ കാട്ടുപോത്ത് കൂട്ടം ഇറങ്ങി.
മാനന്തവാടിയിൽ നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി നടക്കുന്നതിനിടെ ജില്ലയൊന്നാകെ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ്. ഇന്ന് പുലർച്ചയാണ് കൽപ്പറ്റയിൽ പുലിയുടെ ആക്രമണം ഉണ്ടായത്. പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ പശുക്കിടാവിനെയാണ് പുലി കൊന്നത്. .കഴിഞ്ഞദിവസം വയനാട് വൈത്തിരിയിലും ചേകാടിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
വിനോദസഞ്ചാരികൾ ധാരാളം എത്തുന്ന കക്കയം ഡാമിന്‍റെ സൈറ്റ് മേഖലയിൽ ആണ് കഴിഞ്ഞ രാത്രി കാട്ടുപോത്തുകളുടെ കൂട്ടം ഇറങ്ങിയത്. പ്രദേശത്ത് ഫെൻസിംഗ് ലൈനുകൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ഏറെ നാളായിട്ടുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. പകൽസമയത്ത് കൂടുതൽ വാച്ചർമാർ പെട്രോളിങ് നടത്തണമെന്ന ആവശ്യവും വനം വകുപ്പ് കേട്ട മട്ടില്ല. കഴിഞ്ഞവർഷം ജനുവരിയിൽ ഡാം കാണാൻ എത്തിയ അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കൂടരയിൽ നിന്ന് കൂട്ടിൽ ആയ പുലിയെ ഉൾവനത്തിൽ തുറന്നു വിട്ടു. മലബാർ വന്യജീവി സങ്കേതത്തിലെ വനത്തിലാണ് പുലിയെ വനം വകുപ്പ് തുറന്ന് വിട്ടത്.