സിപിഎം ഭരിക്കുന്ന നേമം സഹകരണബാങ്കില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇസി.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത ഇ.ഡി പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്ക് നോട്ടിസയച്ചു. ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്ത ദിവസം കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം.
പണം തിരിച്ച് കിട്ടാതെ വന്നതോടെ 250ലേറെ നിക്ഷേപകരാണ് പൊലീസില്‍ പരാതി നല്‍കിയത്. നേമം പൊലീസ് സ്റ്റേഷനില്‍ മാത്രം നൂറിലേറെ എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. നിലവില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. സിപിഎം ഭരണ സമിതി 61.93 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍.