wayanad-tiger-06

പഞ്ചാരക്കൊല്ലിയിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജിക്കടുവയെ ചത്തനിലയില്‍ ദൗത്യസംഘം കണ്ടെത്തി. ക്യാമറയില്‍ പതിഞ്ഞ പഴയ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ചത്തത് നരഭോജിക്കടുവയാണെന്ന് തിരിച്ചറിഞ്ഞത്. ഏഴ് വയസിനടുത്ത് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്.  കഴുത്തില്‍ ആഴത്തില്‍ മുറിവുകളുണ്ടെന്നും വനംവകുപ്പ്.

 

മുറിവ് പഴക്കമുള്ളതാണെന്നും മറ്റ് മൃഗങ്ങളുമായി ഏറ്റുമുട്ടിയതാവാമെന്നുമാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ 2.30ന് പിലാക്കാവ് മൂന്നുറോഡില്‍ വച്ച്  കടുവയെ ദൗത്യസംഘം കണ്ടതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്.ദീപ പറഞ്ഞു. 

പിലാക്കാവില്‍ റോഡിന്‍റെ ഓരത്ത് വീടുകള്‍ക്കടുത്താണ്  രാത്രി കടുവയെ കണ്ടത്. മയക്കുവെടി വച്ചെങ്കിലും ഓടിമാറിയതായി ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു.  കടുവയെ കൊല്ലാനായി വെടിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ബേസ് ക്യാംപിലെത്തിച്ച കടുവയുടെ ജഡം  പ്രാഥമിക പരിശോധന നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കുപ്പാടിയിലേക്ക് കൊണ്ടുപോയി. 

നരഭോജിക്കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ  പ്രയത്നത്തെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രദേശത്ത് ആര്‍ആര്‍ടി സംഘം തിരച്ചില്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

The man-eating tiger that had been terrorizing the residents of Pancharakolly was found dead by a mission team. The identification was confirmed by comparing its body with older camera images. The tiger was a seven-year-old female with deep wounds on its neck. The forest department verified its approximate age and cause of death.