വീട്ടിനോട് ചേര്‍ന്ന് നരഭോജി കടുവ ചത്തുവീണ ഞെട്ടലിലാണ് വയനാട് പഞ്ചാരക്കൊല്ലിയിലെ ജോര്‍ജിന്‍റെ കുടുംബം. ഉദ്യോഗസ്ഥര്‍ വന്ന് കടുവയുടെ ജ‍ഡം എടുത്തുമാറ്റുമ്പോഴാണ് വീടിനു മുന്നില്‍ തന്നെ ഈ നരഭോജി പതുങ്ങിയിരുന്നു എന്ന ഭയുപ്പെടുത്തുന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ആറു മണിയായപ്പോള്‍ ഉദ്യോഗസ്ഥര്‍ വന്നു, പക്ഷേ കടുവ ഇവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. വണ്ടി മാറ്റിയിട്ട് അവര്‍ ഇറങ്ങിവന്നു. പിന്നെ കാണുന്നത് ചെടി കുലുങ്ങുന്നതാണ്. ഞാന്‍ ഓടി വരുമ്പോഴേക്കും കടുവയെ അവര്‍ നെറ്റിലേക്ക് പൊതിഞ്ഞു എന്നാണ് ‌സംഭവത്തെക്കുറിച്ച് ജോര്‍ജ് പറയുന്നത്. 

കടുവയുടെ ജഡം കാണേണ്ടവര്‍ക്ക് കാണാം എന്നുപറഞ്ഞ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് കൊണ്ടുവന്നു. കടുവയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ഇപ്പോഴാണ് ആശ്വാസമായത്. വീട്ടുമുറ്റത്താണ് കടുവ ചത്തുവീണതെന്ന് കേട്ടപ്പോള്‍ നടുങ്ങിപ്പോയി. കടുവയെ കണ്ട എന്‍റെ മരുമകള്‍ വിറച്ചുപോയി. പിന്നെയാണ് അടുത്തുള്ളവര്‍ രാത്രി ഇവിടെ നല്ല പട്ടിക്കുരയുണ്ടായിരുന്നു  എന്ന് പറഞ്ഞതെന്നും  ജോര്‍ജ്.

പഞ്ചാരിക്കൊല്ലി സ്വദേശി രാധയെ കൊലപ്പെടുത്തിയ കടുവയുടെ മൃതദേഹം പിലാക്കാവിലാണ് കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നുള്ള ജോര്‍ജിന്‍റെയും  റിജോയുടെയും വീടുകളോട് ചേര്‍ന്ന്  കുട്ടികള്‍  ഓടികളിക്കുന്ന ഭാഗത്തായിരുന്നു കടുവയുടെ ജഡം കിടന്നത്. രാത്രിയില്‍ നടത്തിയ പരിശോധനയില്‍ വനംവകുപ്പ് ടീം കടുവയെ കണ്ടിരുന്നതായും രാത്രിയായതിനാല്‍ വെടിവെച്ചില്ലെന്നും ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു.

രാത്രി 12.30 ഓടെ കടുവ പിലാക്കാവ് ഭാഗത്ത് സാന്നിധ്യം അറിയിച്ചിരുന്നു. തുടര്‍ന്ന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ തിരിച്ചല്‍ നടത്തി. 2.30 ഓടെ പിലക്കാവ് മൂന്ന് റോഡില്‍ വച്ച് കടുവയെ കണ്ടെത്തി. പിന്നീടങ്ങോട്ട് വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു കടുവ. ഒടുവില്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി മയക്കുവെടി വച്ചെങ്കിലും കടുവ ഓടിമാറിയതായി ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു. കടുവയെ കൊല്ലാനായി വെടിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വയസോളം പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്.

ENGLISH SUMMARY:

The man-eating tiger that had been terrorizing the residents of Pancharakolli in Wayanad has been found dead near resident area. With this, the fear that gripped the village has been alleviated.