TOPICS COVERED

വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാൻ തന്നെ കൊണ്ട് ആവും വിധം പ്രവർത്തിക്കുമെന്ന് പ്രിയങ്ക ഗാന്ധി. കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിച്ചു. മണ്ഡലത്തിലെത്തിയ പ്രിയങ്കാ ഗാന്ധി ആദ്യം സന്ദർശിച്ചത് കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരകൊല്ലിയിലെ രാധയുടെ വീട്ടിലേക്കാണ്. കുടുംബാംഗങ്ങളുമായി അര മണിക്കൂറോളം സംസാരിച്ചു. കെ.സി വേണുഗോപാലും കെ.സുധാകരനുമടക്കമുള്ള നേതാക്കളും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു. കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രിയങ്ക പ്രദേശത്തെ വന്യ ജീവി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇടപെടുമെന്നും ഉറപ്പു നൽകി. 

പ്രിയങ്കയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ഉന്നതതല യോഗവും ചേർന്നു. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമൊത്തുള്ള യോഗത്തിൽ വന്യജീവി പ്രശ്നമായിരുന്നു അജണ്ട. യോഗ ശേഷം പ്രിയങ്കയുടെ പ്രതികരണം. ജില്ലയിൽ വന്യ ജീവി ശല്യം രൂക്ഷമായെന്നും പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഫണ്ടുകൾ അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി

തന്നെക്കൊണ്ട് ആവുംവിധം പരിഹാരം കണ്ടെത്തുമെന്നും കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സഹായം ലഭിക്കേണ്ടത് ഉണ്ടെന്നും പ്രിയങ്ക. സംസ്ഥാന സർക്കാർ ഉന്നയിച്ച വന നിയമത്തെ പറ്റിയുള്ള ആശങ്കയും പ്രിയങ്ക ഗാന്ധി പ്രതിപാദിച്ചു. വന നിയമത്തിലെ ആശങ്കകൾ മനസ്സിലാക്കുന്നുവെന്നും ജനങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റ് ഉന്നയിക്കുമെന്നുമായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര യാത്രയിൽ മേപ്പാടിയിൽ സംസാരിച്ച ശേഷമാണ് പ്രിയങ്ക ഡൽഹിയിലേക്ക് മടങ്ങിയത്.

ENGLISH SUMMARY:

Priyanka Gandhi stated that she would do everything within her power to resolve the wildlife issues in Wayanad